rahul-gandhi

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടീസ്. 'ചൗക്കീദാർ ചോർ ഹേ' എന്ന പരാമർശത്തിന് എതിരെയാണ് കമ്മിഷൻ നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് രാഹുൽ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.

റാഫേൽ അഴിമതി കേസിൽ കേന്ദ്ര സർക്കാരിനെതിരായ പരാമർശത്തിന് പിന്നാലെ അമേതിയിൽ പത്രിക നൽകാനെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. 'ചൗക്കിദാർ ചോർ ഹേ' എന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന് രാഹുൽ ഗാന്ധി അമേതിയിൽ പ്രസംഗിച്ചതെന്നും ഇത് ചട്ടലംഘനമാണെന്നും കാണിച്ച് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച മുഴുവൻ വീഡിയോ ദൃശ്യങ്ങളും ഇലക്ട്രൽ ഓഫീസർ തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച് കൊടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കമ്മിഷൻ രാഹുൽ ഗാന്ധിക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.