തിരുവനന്തപുരം: വിവാദമായ ചാരക്കേസിൽ മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനോട് കോൺഗ്രസുകാർ ചെയ്‌തത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ തള്ളി മുൻ ഡി.ജി.പി ടി.പി.സെൻകുമാർ രംഗത്തെത്തി. നമ്പി നാരായണൻ തെറ്റുകാരൻ തന്നെയാണെന്നും ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണ്ട രീതിയിൽ നടന്നില്ലെന്നും പുറത്തിറങ്ങാനിരിക്കുന്ന പുസ്‌തകത്തിൽ സെൻകുമാർ പരാമർശിക്കുന്നതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ഐ.എസ്.ആർ.ഒ ചാരക്കേസിലെ സത്യം പുറത്തുവരുമെന്ന് നമ്പി നാരായണന് അറിയാമെന്നും എന്റെ പൊലീസ് ജീവിതം എന്ന പുസ്‌തകത്തിൽ അദ്ദേഹം ആരോപിച്ചു. പീഡിതന്റെ കുപ്പായമിട്ടയാളാണ് നമ്പി നാരായണനെന്നും അദ്ദേഹം പറയുന്നു. കേസിൽ നമ്പി നാരായണനെ കുടുക്കുന്ന വിവിധ തെളിവുകൾ നിലവിലുണ്ടെന്നും സെൻകുമാർ ആരോപിച്ചു. നമ്പി നാരായണനോട് മുൻ കോൺഗ്രസ് സർക്കാർ കാട്ടിയത് കൊടിയ അനീതിയാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ സെൻകുമാറിനെ വേദിയിലിരുത്തി മോദി വിമർശിച്ചിരുന്നു. നേരത്തെ നമ്പി നാരായണന് പദ്മ പുരസ്‌കാരങ്ങൾ നൽകിയപ്പോഴും അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി സെൻകുമാർ രംഗത്തെത്തിയിരുന്നു.
അതേസമയം, തനിക്കൊപ്പം ജോലി ചെയ്‌ത മറ്റ് ഐ.പി.എസ് ഉദ്യോഗസ്ഥരെയും സെൻകുമാർ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. ഇപ്പോൾ സസ്‌പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ് പണി ചെയ്യാൻ അറിയാത്ത ആളാണ്. തനിക്കെതിരായ കേസുകൾക്കെല്ലാം പിന്നിൽ ജേക്കബ് തോമസിന്റെ കരങ്ങളാണ്. മറ്റൊരു ഡി.ജി.പിയായ ഋഷിരാജ് സിംഗ് പബ്ലിസിറ്റി മാത്രം ആഗ്രഹിക്കുന്ന ആളാണ്. താൻ സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചെത്താതെയിരിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പരമാവധി ശ്രമിച്ചു. ഇതിനായി ഡൽഹിയിലെ എല്ലാ ബന്ധങ്ങളും അദ്ദേഹം ഉപയോഗിച്ചെങ്കിലും വിജയിച്ചില്ലെന്നും സെൻകുമാർ ആരോപിക്കുന്നു.