jio

ന്യൂഡൽഹി: റിലയൻസ് ജിയോയിലേക്കും പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിലേക്കും വരിക്കാരുടെ ഒഴുക്ക് വർദ്ധിച്ചതിന്റെ കരുത്തിൽ ഇന്ത്യയിലെ മൊത്തം ടെലികോം ഉപഭോക്താക്കളുടെ എണ്ണം ഫെബ്രുവരിയിൽ 120.54 കോടിയിലെത്തി. ജിയോയും ബി.എസ്.എൻ.എല്ലും ചേർന്ന് ഫെബ്രുവരിയിൽ പുതുതായി ചേർത്തത് 86.39 ലക്ഷം പേരെയാണ്. അതേസമയം,​ മറ്ര് കമ്പനികൾക്കെല്ലാം കൂടി 69.93 ലക്ഷം വരിക്കാരെ നഷ്‌ടപ്പെടുകയും ചെയ്‌തു. വൊഡാഫോൺ ഐഡിയയ്ക്കാണ് ഏറ്റവുമധികം വരിക്കാരെ നഷ്‌ടമായതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്)​ കണക്കുകൾ വ്യക്തമാക്കി.

രാജ്യത്ത് മൊത്തം മൊബൈൽ വരിക്കാൽ 118.36 കോടിയാണ്. പ്രവർത്തനം ആരംഭിച്ച് രണ്ടരവർഷത്തിനകം 30 കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയ ജിയോ,​ ഫെബ്രുവരിയിൽ പുതുതായി ചേർത്തത് 77.93 ലക്ഷം പേരെയാണ്. ബി.എസ്.എൻ.എല്ലിൽ ഒമ്പതുലക്ഷം പേരും പുതുതായി ചേർന്നു. ഫെബ്രുവരിയിലെ കണക്കുപ്രകാരം ബി.എസ്.എൻ.എല്ലിന് ആകെയുള്ള ഉപഭോക്താക്കൾ 11.62 കോടിയാണ്. വൊഡാഫോൺ ഐഡിയയ്ക്ക് 57.87 ലക്ഷം പേരെയും ടാറ്റ ടെലിസർവീസസിന് 11.47 ലക്ഷം പേരെയും എയർടെല്ലിന് 40,​496 പേരെയും നഷ്‌ടപ്പെട്ടു. എം.ടി.എൻ.എല്ലിൽ നിന്ന് 4,​652 പേരും റിലയൻസ് കമ്മ്യൂണിക്കേഷനിൽ നിന്ന് 3,​611 പേരും ഒഴിഞ്ഞുപോയി. 40.93 കോടി ഉപഭോക്താക്കളുള്ള വൊഡാഫോൺ ഐഡിയയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി.