കൊച്ചി: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ളോബലിന്റെ പുതിയ ഓഫീസ് കൊച്ചി വേൾഡ് ട്രേഡ് സെന്ററിൽ തുറന്നു. കമ്പനിയുടെ ആഗോള ഉപഭോക്താക്കളുടെ ഓഫ്ഷോർ സെന്ററാണ് ഒമ്പത്, പത്ത് നിലകളിലായി പ്രവർത്തിക്കുന്നത്. ആയിരത്തിലേറെ പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. ഉദ്ഘാടന ചടങ്ങിൽ യു.എസ്.ടി ഗ്ളോബൽ ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ളോബൽ ഹെഡ് സുനിൽ ബാലകൃഷ്‌ണൻ, ജനറൽ മാനേജർ വിവേക് സരിൻ തുടങ്ങിയവർ സംബന്ധിച്ചു.
ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷ്വറൻസ്, റീട്ടെയിൽ ഉപഭോക്താക്കൾക്കുള്ള ഓഫ്‌ഷോർ ഡെലിവറി സെന്ററായാണ് തുടക്കത്തിൽ ഓഫീസ് പ്രവർത്തിക്കുക. ഇന്ത്യയിലാകെ 15,000ത്തോളവും കൊച്ചിയിൽ മാത്രം രണ്ടായിരവും ജീവനക്കാരുള്ള യു.എസ്.ടി ഗ്ളോബൽ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം ഹൈദരാബാദിലും പുതിയ ഡെലിവറി സെന്റർ തുറന്നിരുന്നു.