കൊച്ചി: പലിശനിരക്ക് കുറഞ്ഞതിന്റെ കരുത്തിൽ രാജ്യത്ത് ബാങ്ക് വായ്‌പകൾക്ക് ഡിമാൻഡേറുന്നു. മാർച്ച് 29ന് സമാപിച്ച ദ്വൈവാരത്തിൽ വായ്‌പാ വിതരണം 13.24 ശതമാനം വർദ്ധിച്ച് 97.67 ലക്ഷം കോടി രൂപയിലെത്തി. തുടർച്ചയായ രണ്ടാം സാമ്പത്തിക വർഷമാണ് വായ്‌പാ വിതരണം പത്തു ശതമാനത്തിലേറെ വളരുന്നത്. 2016-17ൽ വളർച്ച 4.54 ശതമാനമായിരുന്നു.
മാർച്ച് 29ലെ കണക്കനുസരിച്ച് ബാങ്ക് നിക്ഷേപം 10.03 ശതമാനം ഉയർന്ന് 125.72 ലക്ഷം കോടി രൂപയായി. മുൻവർഷത്തെ സമാന കാലയളവിൽ വായ്‌പകൾ 86.25 ലക്ഷം കോടി രൂപയും നിക്ഷേപം 114.26 ലക്ഷം കോടി രൂപയുമായിരുന്നു. 2016-17ൽ വായ്‌പകൾ 78.41 ലക്ഷം കോടി രൂപയായിരുന്നു. 1963ന് ശേഷം കുറിച്ച ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്. നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ മുരടിപ്പാണ് വായ്‌പകളെ ബാധിച്ചത്. എന്നാൽ, അസാധു നോട്ടുകളുടെ രൂപത്തിൽ ബാങ്കുകളിലേക്ക് പണമൊഴുകിയതോടെ, നിക്ഷേപം 6.7 ശതമാനം മുന്നേറുകയും ചെയ്‌തു.