ന്യൂഡൽഹി: കോൺഗ്രസ് കമ്യൂണിക്കേഷൻ കൺവീനർ പ്രിയങ്ക ചതുർവേദി പാർട്ടി വിട്ട് ശിവസേനയിലേക്ക്. പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജി വച്ച ശേഷമാണ് പ്രിയങ്കയുടെ ചുവടുമാറ്റം. ഇന്നലെ ട്വിറ്ററിൽ നിന്ന് കോൺഗ്രസ് വക്താവ് എന്ന വിശേഷണവും പ്രിയങ്ക ഒഴിവാക്കിയിരുന്നു. പകരം ബ്ലോഗർ എന്നാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എ.ഐ.സി.സി മാദ്ധ്യമ വിഭാഗത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും ഇവർ പുറത്തുപോയി.
ശിവസേനയുടെ ആശയങ്ങളുമായി ചേർന്നു പോകാൻ തനിക്ക് സാധിക്കും. സ്ത്രീകളെയും യുവാക്കളെയും പിന്തുണയ്ക്കുന്ന പാർട്ടിയാണ് ശിവസേന. മുംബയാണ് ഇനി മുതൽ തന്റെ കർമമണ്ഡലമെന്നും, പാർട്ടിയിലേക്ക് തന്നെ ക്ഷണിച്ച ഉദ്ധവ് താക്കറെയ്ക്ക് നന്ദിയുണ്ടെന്നും പ്രിയങ്ക ചതുർവേദി വ്യക്തമാക്കി.
അത്യന്തം ഹൃദയവേദനയോടെയാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതെന്ന് പ്രിയങ്ക ചതുർവേദി. എല്ലാവർക്കും ആശംസ നേരുന്നുവെന്നും തന്നെ പിന്തുണച്ചവർക്കും കൂടെ നിന്നവർക്കും നന്ദിയുണ്ടെന്നും അവർ പറഞ്ഞു. ഇനിയും കോൺഗ്രസ് പാർട്ടിയിൽ തുടർന്നാൽ മാന്യതക്കും സ്വാഭിമാനത്തിനും നൽകേണ്ട വിലയാകുമെന്ന് എ.ഐ.സി.സിക്ക് നൽകിയ രാജിക്കത്തിൽ പ്രിയങ്ക വ്യക്തമാക്കി.
തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്തിയറിയിച്ച് കൊണ്ടാണ് പ്രിയങ്ക ചതുർവേദിയുടെ രാജി. പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിൻെറയും രക്തത്തിൻെറയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതിൽ കടുത്ത ദുഃഖമുണ്ടെന്ന് പ്രിയങ്ക ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പാർട്ടിക്ക് വേണ്ടി താൻ നിരവധി വിമർശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിർത്താൻ പോലും പാർട്ടി തയ്യാറാകുന്നില്ലെന്ന കാര്യം സങ്കടകരമാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.