ഉത്തർപ്രദേശിലെ ഹുൽസാർപൂർ ഗ്രാമത്തിലെ പവൻകുമാറിന്റെ അവസ്ഥ തിരഞ്ഞെടുപ്പിൽ വോട്ടിടാൻ പോവുന്ന എല്ലാവരും ഓർക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ എം.സ്വരാജ് എം.എൽ.എ. യു.പിയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പി പ്രവർത്തകനായ പവൻകുമാറിന് വോട്ട് രേഖപ്പെടുത്തവേ ഒരു തെറ്റ് സംഭവിച്ചു. ബി.എസ്.പി പ്രവർത്തകനായ ഇദ്ദേഹം വോട്ടിംഗ് യന്ത്രത്തിലെ സ്ഥാനാർത്ഥികളുടെ പേരിന് നേരെയുള്ള ബട്ടൺ അമർത്തിയപ്പോൾ ബി.എസ്.പിക്ക് പകരം ബി.ജെ.പി സ്ഥാനാർത്ഥിക്ക് ആവുകയായിരുന്നു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും ബി.ജെ.പിക്ക് വോട്ട് ചെയ്തതിനെ പഴിച്ചുകൊണ്ട് വോട്ട് രേഖപ്പെടുത്തിയ വിരൽ മുറിച്ച് കളയുകയാണ് ഇയാൾ ചെയ്തത്.
ഈ സംഭവം രാജ്യത്തെ എല്ലാ വോട്ടർമാർക്കുമായി പവൻകുമാർ നൽകുന്ന സന്ദേശമാണെന്ന് എം.സ്വരാജ് കുറിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ആർക്കും കയ്യബദ്ധം പറ്റരുതെന്നും എങ്കിൽ മാത്രമേ നമ്മുടെ രാജ്യം നിലനിൽക്കുകയുള്ളു എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രായശ്ചിത്തമായി ഒരു വിരൽ
അഥവാ
ചോരയിലെഴുതിയ ഒരു സന്ദേശം.
എം.സ്വരാജ്.
ഇന്ത്യയിലെ ഓരോ വോട്ടറെയും ഇരുത്തിച്ചിന്തിപ്പിക്കന്ന ഒരു വാർത്തയാണ് ഉത്തർപ്രദേശിലെ ബുലന്ദ് ഷഹർ മണ്ഡലത്തിൽ നിന്നും പുറത്തുവന്നത്.
പവൻകുമാർ എന്ന 25 വയസുകാരനായ ഒരു വോട്ടർ വോട്ടു് ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ വിരൽ തട്ടി BJP സ്ഥാനാർത്ഥിയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തപ്പെട്ടു.
അബദ്ധത്തിലാണെങ്കിലും BJP യ്ക്ക് വോട്ടു ചെയ്തു പോയതിലുള്ള കുറ്റബോധവും നിരാശയും കാരണം ആ ചെറുപ്പക്കാരൻ സ്വന്തം വിരൽ മുറിച്ചു കളഞ്ഞുവത്രെ ..!
രാജ്യത്തെ എല്ലാ വോട്ടർമാർക്കും പവൻകുമാർ സ്വന്തം ചോരയിലെഴുതിയ തിരഞ്ഞെടുപ്പ് സന്ദേശമാണ് നൽകിയിരിക്കുന്നത്.
ഇത്തവണ ആർക്കും കയ്യബദ്ധം പറ്റാതിരിക്കട്ടെ. രാജ്യം നിലനിൽക്കട്ടെ.