തൃശൂർ: എൻ.ഡി.എ സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് പിന്തുണ നലകിയതിന് നടി പ്രിയ വാര്യർക്കെതിരെ സൈബർ ആക്രമണം. പ്രിയയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലാണ് വ്യാപകമായ സൈബർ ആക്രമണം നടക്കുന്നത്. പലരും പരിഹാസവും അസഭ്യ വാക്കുകളുമായാണ് പ്രിയയുടെ പ്രൊഫൈലിൽ എത്തിയത്. നേരത്തെ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചതിനു നടൻ ബിജു മേനോന് നേരെയും സൈബർ ആക്രമണം നടന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ബിജു മേനോനും പ്രിയ വാര്യരും പൊതുവേദിയിൽ എത്തിയത്. തൃശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന 'സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയിൽ ഇവരെക്കൂടാതെ ടി.എൻ.സുന്ദർ മേനോൻ, ജി.സുരേഷ്‌കുമാർ, സെവൻ ആർട്‌സ് വിജയകുമാർ, സന്തോഷ് എന്നിവരും പങ്കെടുത്തിരുന്നു.
സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താൻ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണം തുടങ്ങിയത്. ഇങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ബിജു മേനോന്റെ ചിത്രങ്ങൾ ഇനി തീയേറ്ററിൽ പോയി കാണില്ലെന്നും നിരവധി പേർ കമന്റ് ചെയ്തിരുന്നു.