tp-senkumar-about-cpm

തിരുവനന്തപുരം: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം സി.പി.എം സ്‌പോൺസേർഡ് ചെയ്‌തതാണെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ ആരോപിച്ചു. തന്റെ സർവീസ് സ്റ്റോറിയായ എന്റെ പൊലീസ് ജീവിതത്തിലാണ് സെൻകുമാറിന്റെ ആരോപണം. പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിന് പിന്നിൽ സി.പി.എം ആകാമെന്നും ഷുക്കൂർ വധക്കേസിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്നും സെൻകുമാർ ആരോപിക്കുന്നു. എന്നാൽ കേവലം ആരോപണങ്ങൾ ഉന്നയിക്കുന്നത് അല്ലാതെ കൃത്യമായ തെളിവുകളൊന്നും നൽകാൻ സെൻകുമാർ തയ്യാറായിട്ടില്ല.

പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാർത്ഥിനിയുമായിരുന്ന പെൺകുട്ടി 2016 ഏപ്രിൽ 28 നാണ് കനാൽ പുറമ്പോക്കിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇത് കേരളത്തിൽ വൻ വിവാദമായിരുന്നു. ജൂൺ 16ന് പ്രതി അസാം സ്വദേശി അമീറുൾ ഇസ്ളാം പിടിയിലായി. ലൈംഗികാസക്തിയുമായി സമീപിച്ച പ്രതിക്ക് വഴങ്ങാതിരുന്ന പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. പെൺകുട്ടിയെ മാരകമായി കുത്തി പരിക്കേല്പിച്ച പ്രതി കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ വായിലേക്ക് മദ്യമൊഴിച്ചു നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു. അമീറിനെ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 2016 സെപ്തംബർ 17ന് കുറ്റപത്രം സമർപ്പിച്ച കേസിന്റെ രഹസ്യ വിചാരണ മാർച്ച് 13 നാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങിയത്. തുടർന്ന് 2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു.