'പ്രതീക്ഷയേയല്ല നോക്കുന്നത്, പ്രയത്നമാണ്. അത് ഗംഭീരമായി നടക്കുന്നു. അതെന്റെ മുഖത്തും ശരീരത്തിലുമൊക്കെ കാണാനാവും'- ഹോട്ടൽ മുറിയിലിരുന്ന് തൃശൂർ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി സംസാരിച്ചുതുടങ്ങി. 'നിങ്ങളേത് കളക്ടറോടും അന്വേഷിച്ചോ, ഞാനീ കേരളത്തിലെന്തൊക്കെ ചെയ്തെന്ന്. ഇവിടെയുള്ള എതിരാളികളൊക്കെ എന്ത് ചെയ്തെന്ന് കൂടി അന്വേഷിക്കണം.' ജനങ്ങളിൽ 75 ശതമാനവും പാർട്ടിയില്ലാത്തവരാണെന്നാണ് സുരേഷ് ഗോപിയുടെ പക്ഷം. മാറിമാറി വോട്ട് ചെയ്യുന്ന അവരുടെ തീരുമാനത്തിലുള്ള പ്രതീക്ഷയാണ് അദ്ദേഹത്തെ നയിക്കുന്നത്.
എന്നാൽ, കോടീശ്വരൻ ഷോയിൽ 'ദേ പോയി, ദാ വന്നു' എന്ന് പറയുമ്പോലെയേ ഉള്ളൂ സുരേഷ് ഗോപിയുടെ വരവെന്നാണ് പൂങ്കുന്നത്തെ കെ. കരുണാകരൻ സപ്തതി സ്മാരക മന്ദിരത്തിലിരുന്ന് കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ വിലയിരുത്തിയത്. സുരേഷ് ഗോപിയുടെ പ്രചാരണവേദികളിൽ ആൾക്കൂട്ടത്തിന്റെ തിരയിളക്കം ദൃശ്യമാണ്. കുറച്ചൊക്കെ വോട്ടായേക്കാമെങ്കിലും ബി.ജെ.പിക്ക് അത് ഗുണമൊന്നുമുണ്ടാക്കില്ലെന്ന് തേക്കിൻകാട് മൈതാനിയിൽ കണ്ടപ്പോൾ സി.പി.ഐ നേതാവ് കെ.പി. രാജേന്ദ്രനും നിരീക്ഷിച്ചു.
കേരളവർമ്മ കോളേജിനടുത്തെ തൃക്കുമാരകുടം കോളനിയിൽ സുരേഷ്ഗോപിയുടെ വരവറിയിച്ചുള്ള അനൗൺസ്‌മെന്റിനും സിനിമാ പരിവേഷമാണ്: 'അഭ്രപാളികളെ കിടിലം കൊള്ളിച്ച മലയാളത്തിന്റെ ഒരേയൊരു സൂപ്പർസ്റ്റാറിതാ, ഇടത്, വലത് മുന്നണികളിലെ ആറാം തമ്പുരാക്കന്മാരെ കെട്ടുകെട്ടിക്കാനെത്തുന്നു..' 'തൃശൂർ എനിക്ക് തരൂ, നോക്കാം, വലിയ വാഗ്ദാനങ്ങളൊന്നും പറയുന്നില്ല' എന്ന് കൂടിനിന്ന ആൾക്കൂട്ടത്തോട് സുരേഷ് ഗോപി പറഞ്ഞു.
പുതുക്കാട് നിയോജക മണ്ഡലത്തിലെ വെള്ളിക്കുളങ്ങരയിൽ വനത്തിനകത്തുള്ള ശാസ്താംപൂവ്വം കോളനിയിൽ ആദിവാസി മക്കളുടെ സ്നേഹവായ്പിനാൽ വീർപ്പുമുട്ടി ഇടത് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്. ഈ കാടിന്റെ മക്കൾക്കൊപ്പം അവരിലൊരാളായി ഓടിനടക്കുന്നത് സ്ഥലം എം.എൽ.എയായ മന്ത്രി സി. രവീന്ദ്രനാഥ്. ആർക്കും എത്തിപ്പെടാൻ പോലുമാവാത്ത ഈ ഊരിലേക്ക് സുന്ദരമായ റോഡ് തീർത്തതിലെ അഭിമാനം മന്ത്രി പങ്കുവയ്ക്കുന്നു. ആദിവാസി അമ്മൂമ്മ തേൻ നിറച്ച കുപ്പി സ്ഥാനാർത്ഥിക്ക് സമ്മാനിച്ചു. ഈ തേൻ ഞാൻ കൊണ്ടുപോവുകയാണെന്ന് രാജാജി. ജയിച്ച് എം.പിയായാൽ നിങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനെത്താമെന്ന് പറഞ്ഞപ്പോൾ അവരുടെ മുഖത്തും ആവേശത്തിരതള്ളൽ ദൃശ്യമായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാളധികം വോട്ടുകളോടെ വിജയിക്കുമെന്നാണ് രാജാജിയുടെ ആത്മവിശ്വാസം. 'സുരേഷ് ഗോപിയുടെ പ്രചാരണ വേദികളിലേത് സിനിമാനടനായത് കൊണ്ടുള്ള ഓളമാണ്. മുമ്പ് രാമു കാര്യാട്ടിനും പ്രേംനസീറിനുമൊക്കെ അതുണ്ടാക്കാനായിട്ടുണ്ട്. അതൊന്നും വോട്ടാവണമെന്നില്ല. ശബരിമലയുടെയൊക്കെ പേര് പറഞ്ഞ് അവർ കുറച്ച് വോട്ട് പിടിക്കുമായിരിക്കും. അതുകൊണ്ട് കാര്യമില്ല'- രാജാജി പറഞ്ഞു.
ചേർപ്പ് തായംകുളങ്ങരയിലെ വേട്ടുവ മഹാസഭയുടെ സമ്മേളന സ്ഥലത്തേക്ക് കോൺഗ്രസ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ. സ്ത്രീകളടക്കം വലിയ ആൾക്കൂട്ടം അദ്ദേഹത്തെ പൊതിഞ്ഞു. സുരേഷ്ഗോപിയുടേത് സിനിമാനടനെന്ന നിലയിലുള്ള ഓളം മാത്രമാണെന്നാണ് പ്രതാപന്റെയും പക്ഷം. അതിൽ കാര്യമില്ല. അവരുടെ സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ കൺഫ്യൂഷനും മറ്റും അവർക്ക് വിനയാകാം. ' നല്ല പ്രതികരണമാണെനിക്ക്. നൂറ് ശതമാനം വിജയമുറപ്പ്. നാട്ടിക, മണലൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, ഒല്ലൂർ, തൃശൂർ മേഖലകളിലെല്ലാം ഇക്കുറി നല്ല മുന്നേറ്റമുണ്ടാകും'- പ്രതാപൻ പറഞ്ഞു.
12.94 ലക്ഷം വോട്ടർമാരുണ്ട് തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ. മൂന്നര ലക്ഷത്തിലധികം വോട്ട് പിടിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിൽ നിന്ന് ഇനിയുമുയരുമെന്നതാണ് ഇടത് പ്രതീക്ഷകളെ നയിക്കുന്നത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ചോർന്നുപോയ മതന്യൂനപക്ഷ പിന്തുണ തിരിച്ചെത്തുമെന്ന് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു. ഇതും പ്രതാപന്റെ പൊതുസ്വീകാര്യതയും വിജയത്തിലെത്തിക്കുമെന്നാണവരുടെ പ്രതീക്ഷ.
2014ൽ 1.38 ലക്ഷമായിരുന്ന വോട്ട്നില 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2.05ലക്ഷത്തിലെത്തിയതും സുരേഷ്ഗോപിയുടെ സാന്നിദ്ധ്യമടക്കമുള്ള പുതിയ സാഹചര്യങ്ങളുമെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം. മൂന്നരലക്ഷത്തിലേക്കെത്തിച്ച് വിജയമുറപ്പാക്കുമെന്നാണവരുടെ അവകാശവാദം. അതേസമയം, സുരേഷ്ഗോപി പിടിക്കുന്ന അധിക വോട്ടുകൾ ആർക്ക് നഷ്ടമുണ്ടാക്കുമെന്നത് ആകാംക്ഷയുണർത്തുന്ന ചോദ്യമാണ്. ശബരിമലയടക്കമുള്ള വിഷയങ്ങളുള്ളത് കൊണ്ടുതന്നെ രണ്ടുപക്ഷത്ത് നിന്നും ചോരാമെന്ന കണക്കുകൂട്ടലുമുണ്ട്.
എൽ.ഡി.എഫ്
അനുകൂലം: താഴെത്തട്ടിലടക്കമുള്ള ചിട്ടയായ സംഘടനാ പ്രവർത്തനം, പ്രചാരണത്തിലെ ആസൂത്രണ മികവ്, സിറ്റിംഗ് മണ്ഡലം, നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിറുത്താനായ സ്വാധീനം.
പ്രതികൂലം: യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ജനസമ്മതി, ശബരിമലയടക്കമുള്ള വിഷയങ്ങൾ പ്രതിഫലിക്കുമോയെന്ന ആശങ്ക.
യു.ഡി.എഫ്
അനുകൂലം: സ്ഥാനാർത്ഥിയുടെ ജനസമ്മതി, നിർണായകമാകുന്ന ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന പ്രതീക്ഷ.
പ്രതികൂലം: പ്രചാരണം താഴെത്തട്ടിലേക്ക് പൂർണ്ണ തോതിലെത്തിക്കുന്നതിലെ അലംഭാവം, ഇടതുപക്ഷം നേരത്തേ പ്രചരണം തുടങ്ങുക വഴിയുണ്ടാക്കിയ മേൽക്കൈ.
എൻ.ഡി.എ
അനുകൂലം: സിനിമാതാരം, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിലുമുള്ള സ്ഥാനാർത്ഥിയുടെ സ്വീകാര്യത, ബി.ജെ.പിയുടെ വർദ്ധിച്ചുവരുന്ന വോട്ട്നില.
പ്രതികൂലം: വൈകിയെത്തിയ സ്ഥാനാർത്ഥി നിർണ്ണയം കാരണം എല്ലായിടത്തും ഓടിയെത്താനാവാത്തത്, ജയിക്കാൻ വോട്ട്നില വൻതോതിലുയരണമെന്ന വെല്ലുവിളി.