ks


ആലപ്പുഴ : മുങ്ങാൻ തുടങ്ങിയ വള്ളത്തിൽ നിന്ന് സ്ഥാനാർത്ഥിയെയും സംഘത്തെയും ദമ്പതികൾ രക്ഷിച്ചു. ആലപ്പുഴ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണനും പതിനഞ്ചോളം വരുന്ന പ്രവർത്തകരുമാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ തോട്ടപ്പള്ളി നാലുചിറയിൽ അപകടത്തിൽപ്പെട്ടത്.

രാവിലെ തോട്ടപ്പള്ളിയിൽ എത്തിയ സ്ഥാനാർത്ഥിയും സംഘവും വോട്ടർമാരെ കാണാൻ ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വലിയ വള്ളത്തിൽ പുറക്കാട് പഞ്ചായത്ത് എഴാം വാർഡിലെ ഒറ്റപ്പെട്ട പ്രദേശങ്ങളായ നാലുചിറ,ഇല്ലിച്ചിറ,ബണ്ടുചിറ എന്നിവിടങ്ങളിലേക്ക് പോകുന്നതിനിടെയാണ് അപകടം. തോണിക്കടവ് ഭാഗത്തെ വീടുകൾ സന്ദർശിച്ച് മടങ്ങവേ നാലുചിറ തോട്ടംപാടത്തിന്റെ വടക്കു ഭാഗത്തെ മാന്തറ തോട്ടിൽ ഇവർ സഞ്ചരിച്ച വള്ളം മരക്കുറ്റിയിലിടിച്ചു. വള്ളത്തിന്റെ മദ്ധ്യഭാഗത്തെ പലക തകർന്ന് വെള്ളം അകത്തേക്ക് കയറാൻ തുടങ്ങിയതോടെ സ്ഥാനാർത്ഥിയും സംഘവും സഹായത്തിനായി കരയിൽ നിന്നവരെ കൂകിവിളിച്ചു. തുടർന്ന് . ബണ്ടിലെ താമസക്കാരായ രജനീഷ് ഭവനിൽ രാജേന്ദ്രനും ഭാര്യയും മറ്റൊരു വള്ളത്തിൽ എത്തി ഇവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. പിന്നീട് വള്ളവും നാട്ടുകാർ കരയോടടുപ്പിച്ചു. സംഭവത്തിനു ശേഷം മറ്റൊരു വള്ളത്തിൽ സ്ഥാനാർത്ഥിയും സംഘവും തോട്ടപ്പള്ളിയിലേക്ക് മടങ്ങി.

താൻ എം.പിയാൽ ഇവിടെ യാത്രാസൗകര്യത്തിന് ആവശ്യമായ പാലവും റോഡും നിർമ്മിക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയ ശേഷമായിരുന്നു ഡോ.കെ.എസ്.രാധാകൃഷ്ണന്റെ മടക്കയാത്ര.