തിരുവനന്തപുരം: വേനൽ ചൂടിനെ തണുപ്പിച്ച് മണ്ണിൽ പെയ്തിറങ്ങിയ വേനൽ മഴ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും 23വരെ ഇടിമിന്നലോടു കൂടിയ കാറ്രും മഴയും ലഭിക്കും. കാറ്റിന്റെ വേഗം മണിക്കൂറിൽ 30–40 കി.മീ ആയിരിക്കും. 20നും 22നും സംസ്ഥാനത്തു പലയിടത്തും ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 40-50 കി.മീ. ആയിരിക്കും. ചില സ്ഥലങ്ങളിൽ 19, 20 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക് സാദ്ധ്യത.
നാളെ പാലക്കാട് ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി എട്ട് വരെയാണ് മിന്നൽ ഏറ്റവും കൂടുതൽ അനുഭവപ്പെടാൻ സാദ്ധ്യത. ഈ സമയത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, ശക്തമായ മഴ മൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുണ്ട്.
മിന്നലിനെ പ്രതിരോധിക്കാൻ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ:
ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 8 വരെയുള്ള സമയത്ത് കുട്ടികളെ തുറസ്സായ സ്ഥലത്തു കളിക്കുന്നതിൽ നിന്നു വിലക്കുക.
മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക.
തുറസ്സായ സ്ഥലത്തു കെട്ടിയിട്ടിരിക്കുന്ന വളർത്തു മൃഗങ്ങളെ മാറ്റിക്കെട്ടാനും പോകരുത്.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളിൽ ഇടിമിന്നൽ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികർ ഉയർന്ന വേദികളിൽ ഇത്തരം സമയങ്ങളിൽ നിൽക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.
ഗൃഹോപകരണങളുടെ വൈദ്യുത ബന്ധം വിഛേദിക്കുക
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
ജനലും വാതിലും അടച്ചിടുക.
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ഫോൺ ഉപയോഗിക്കരുത്.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
കഴിയുന്നത്ര വീടിനകത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്തു നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.
പട്ടം പറത്തരുത്.
തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലിൽ നിന്നു സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്നു മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിനു പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ 30 സെക്കൻഡ് സുരക്ഷയ്ക്കായിട്ടുള്ള സുവർണ നിമിഷങ്ങളാണ്.