കൽപറ്റ: രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ താരപരിവേഷം കൈവന്ന വയനാട്ടിലെ പോർക്കളത്തിൽ സഹോദരി പ്രിയങ്ക ഗാന്ധി ഇന്നും അമേതിയിലെ എതിരാളി സ്‌മൃതി ഇറാനി നാളെയും ഇറങ്ങും.
കോൺഗ്രസിന്റെ താരമായായ പ്രിയങ്ക രണ്ട് ദിവസത്തെ പ്രചാരണത്തിനാണ് വയനാട്ടിലെത്തുന്നത്. രാഹുൽ ഗാന്ധിയുടെ അമേതിയിലെ എതിരാളിയും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനാണ് വരുന്നത്.
അമേതിയിൽ തോൽവി ഭയന്നാണ് രാഹുൽ സുരക്ഷിത മണ്ഡലം തേടി വയനാട്ടിൽ മത്സരിക്കുന്നതെന്ന ആരോപണവുമായാണ് എൻ.ഡി.എയുടെ പ്രചാരണം. അമേതിയിലെ രാഹുലിന്റെ മുഖ്യ എതിരാളിയെ തന്നെ എൻ.ഡി.എ വയനാട്ടിൽ ഇറക്കുന്നത് ഇതിന് കരുത്ത് പകരാനാണ്. തുടർച്ചയായി രാഹുൽ മത്സരിക്കുന്ന അമേതി പിന്നാക്കാവസ്ഥയിലാണെന്ന് സ്‌മൃതി ഇറാനിയെക്കൊണ്ട് തന്നെ പറയിപ്പിക്കുകയാണ് ലക്ഷ്യം.
രണ്ടാം ഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ വരുന്നത്. ബി.ജെ.പിയും ഇടതുപക്ഷവും ഉയർത്തിയ ആരോപണങ്ങൾക്ക് അവർക്ക് മറുപടി പറയേണ്ടതുണ്ട്.
പ്രിയങ്കയുടെ പരിപാടികൾ
രാവിലെ 10ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിൽ മാനന്തവാടിയിൽ എത്തും. 10.30ന് പൊതുയോഗത്തിൽ പ്രസംഗിക്കും. 11.45ന് പുൽപള്ളിയിലെ കർഷക സംഗമത്തിൽ കർഷകരുമായി സംവദിക്കും. കർഷക വിഷയങ്ങൾ ഉയർത്തി പ്രചാരണം ശക്തമാക്കിയ ഇടതുപക്ഷത്തിന്റെ ആക്രമണത്തിന് മറുപടി പറയും.
1.20ന്പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിക്കും. 2.30ന് നിലമ്പൂരിലും 3.30ന് അരീക്കോടും പൊതുയോഗങ്ങൾ
സ്മൃതിയുടെ പരിപാടികൾ
ഉച്ചയ്ക്ക് ശേഷം റോഡ് ഷോയിൽ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം നഗരം ചുറ്റും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജിശങ്കർ, പി. രഘുനാഥ്, ബി.ഡി.ജെ.എസ് നേതാക്കളായ അരയാക്കണ്ടി സന്തോഷ്, സുഭാഷ് വാസു, ഷാജി ബത്തേരി എന്നിവർ പങ്കെടുക്കും.