kripesh

കാസർകോട്: പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബം പ്ലാസ്റ്റിക് കൊണ്ട് മറച്ച ഒറ്റമുറി ഓലപ്പുരയിൽ നിന്ന് കെട്ടുറപ്പുള്ള പുത്തൻ വീട്ടിലേക്ക് താമസം മാറി. നിന്നുതിരിയാൻ ഇടമില്ലാത്ത ഓലഷെഡിൽ കൃപേഷിന്റെ കുടുംബം അന്തിയുറങ്ങുന്ന ദൈന്യതയിൽ മനംനൊന്ത എറണാകുളം എം.എൽ.എ ഹൈബി ഈഡൻ നിർമ്മിച്ചുനൽകിയ വീടിന് 'കിച്ചൂസ്' എന്ന് നാമകരണം നടത്തി. കൃപേഷിന്റെ ഓർമ്മകളുടെ ദുഃഖസ്മരണയിലാണ് ഇന്നലെ രാവിലെ കല്യോട്ട് പുതിയ ഭവനത്തിന്റെ പാലുകാച്ചൽ നടന്നത്.

എല്ലാവരും എത്തുന്നതിന് മുമ്പുതന്നെ സുഹൃത്തുക്കൾ കൃപേഷിന്റെയും ശരത്തിന്റെയും കൂറ്റൻ കട്ടൗട്ടുകൾ വീടിന് മുമ്പിൽ വച്ചിരുന്നു. പതിനൊന്നരയോടെ ഹൈബി ഈഡൻ, പത്നി അന്ന ഈഡൻ, മകൾ എന്നിവർ കല്യോട്ട് എത്തിച്ചേർന്നു. തന്റെ ജന്മദിനാഘോഷവും കൃപേഷിന്റെ കുടുംബത്തിന്റെ ഗൃഹപ്രവേശനവും ഒരുമിച്ചു നടത്താനാണ് എറണാകുളം ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥിയായ അദ്ദേഹവും കുടുംബവും തിരക്കുകൾക്കിടയിലും എത്തിയത്. കൊളുത്തിയ നിലവിളക്കുമായി പുതിയ ഭവനത്തിന് പ്രദക്ഷിണം വച്ചശേഷമാണ് അച്ഛൻ കൃഷ്ണനും അമ്മ ബാലാമണിയും സഹോദരിമാരായ കൃപ, കൃഷ്ണപ്രിയ, കുടുംബാംഗങ്ങൾ എന്നിവരും കിച്ചൂസിൽ വലതുകാൽ വച്ചു കയറിയത്. മുഹൂർത്തം നോക്കി ഉച്ചയ്ക്ക് 12 ഓടെ വിങ്ങിപ്പൊട്ടുന്ന മനസുമായി അമ്മ ബാലാമണി പാലുകാച്ചി. വന്നെത്തിയ അതിഥികൾക്കെല്ലാം പാലും മധുരവും നൽകി. കൊല്ലപ്പെട്ട ശരത് ലാലിന്റെ ബന്ധുക്കളും ആ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

കൊല്ലപ്പെട്ട കൃപേഷുമായി ആത്മബന്ധമുള്ള കല്യോട്ടെയും പരിസരങ്ങളിലെയും സുഹൃത്തുക്കളും വൻജനാവലിയും പാലുകാച്ചൽ ചടങ്ങിൽ സംബന്ധിച്ചു.

1037 സ്‌ക്വയർ ഫീറ്റ് വരുന്ന മൂന്ന് കിടപ്പുമുറികളോടു കൂടിയ കോൺക്രീറ്റ് വീടാണ് ഹൈബി ഈഡൻ പണിതു നൽകിയത്. 45 ദിവസം കൊണ്ട് വീട് പണിതുനൽകുമെന്ന വാഗ്ദാനം അദ്ദേഹം പാലിക്കുകയായിരുന്നു. വി.ഡി. സതീശൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ, കെ.പി.സി.സി സെക്രട്ടറിമാരായ രതികുമാർ, കെ.പി. കുഞ്ഞിക്കണ്ണൻ, മുൻമന്ത്രി സി.ടി. അഹമ്മദാലി തുടങ്ങി നിരവധി കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും ചടങ്ങിനെത്തിയിരുന്നു.

സംഭവ ദിവസം മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നുവെന്ന് ഹൈബി ഈഡൻ എം.എൽ.എ പറഞ്ഞു. കോൺഗ്രസ്‌ നേതൃത്വത്തിന്റെ അനുഗ്രഹ ആശീർവാദങ്ങളോടെ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂർത്തിയായി. എന്റെ ജന്മദിനമായ ഇന്നലെ കൃപേഷിന്റെയും ശരത്തിന്റെയും നാട്ടിൽ ഞാനും ഉണ്ടാകുമെന്ന് എന്റെ മനഃസാക്ഷിക്ക് ഞാൻ നൽകിയ വാക്കായിരുന്നുവെന്ന് ഹൈബി ഈഡൻ പറഞ്ഞു.