മഴവിൽ നിറങ്ങളിൽ നദിയുണ്ടോ? സ്വപ്നങ്ങളിൽ അല്ലാതെ ശരിക്കും അങ്ങനെയൊരു നദിയുണ്ടത്രേ അങ്ങ് കൊളംബിയയിൽ. കാനോ ക്രിസ്റ്റൽസ് എന്ന നദിയാണ് മഴവിൽ നിറങ്ങളിൽ ഒഴുകുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള ആൽഗകളും ജല സസ്യങ്ങളും ചുറ്റുമുള്ള കാട്ടിലെ ഇരുട്ടിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവുമാണ് നദിയെ വിവിധ വർണങ്ങളിൽ അണിയിച്ചൊരുക്കുന്നത്. പിങ്ക് നിറത്തിലുളള മാർസീനിയ ക്ലാവീജെറ എന്ന സസ്യമാണ് നദിയിലെ നിറസാന്നിധ്യത്തിന് കാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ.
ഇതിനെക്കുറിച്ച് കൂടുതൽ ഗവേഷണം നടന്നുവരികയാണ്. ഈ സസ്യങ്ങൾ കൂടുതലായി വളരുന്ന മാസങ്ങളിലാണ് നദിയിൽ മഴവിൽ നിറം കൂടുതലായി കണ്ടുവരുന്നത്.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കൊളംബിയയിലെ ഒളിപ്പോരാളികളുടെ സങ്കേതമായിരുന്നു കാനോ ക്രിസ്ടെയിൽ നദിക്കര. നിറയെ വന്യജീവികളുള്ള കാട്ടിൽ മറുപക്ഷത്തിന് എത്തിപ്പെടുകയെന്നത് ബുദ്ധിമുട്ടായ തുകൊണ്ടാണ് ഒളിപ്പോരാളികൾ ഈ നദിക്കരയെ ആശ്രയിച്ചത്.
കാലങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കൊളംബിയൻ സൈന്യം അവരെ കീഴടക്കിയതോടെ സ്വപ്നതുല്യമായ നദിക്കര പുറംലോകത്തിനു മുൻപിൽ തുറക്കപ്പെട്ടു. സഞ്ചാരീ പ്രവാഹം ജല സസ്യങ്ങൾക്ക് ഭീഷണിയായതോടെ കടുത്ത നിയന്ത്രണം അധികൃതർ കൊണ്ടുവന്നു.
പ്ലാസ്റ്റിക് കുപ്പി പാടില്ല, മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കാൻ പാടില്ല, ചില ഇടങ്ങളിൽ നീന്തൽ പാടില്ല അങ്ങനെ നിരവധി നിയന്ത്രണങ്ങൾ ഇതിനകം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. കൊളംബിയയിലെ സെറാനിയ ഡീ ലാ മക്കാറീന എന്നീ മലനിരകളിലാണ് ഈ നദി സ്ഥിതി ചെയ്യുന്നത്.