നാസ: ആയിരത്തി മുന്നൂറ് കോടി വർഷങ്ങൾക്ക് മുൻപ് മഹാവിസ്‌ഫോടനത്തിൽ പിറവിയെടുത്ത പ്രപഞ്ചത്തിൽ രൂപം കൊണ്ട ആദ്യ തന്മാത്ര ശാസ്‌ത്രജ്ഞർ കണ്ടെത്തി. ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ ചേർന്നുണ്ടായ ഹീലിയം ഹൈഡ്രൈഡ് തന്മാത്ര എൻ. ജി. സി 7027 എന്നറിയപ്പെടുന്ന നെബുലയിൽ ആണ് കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 3,000 പ്രകാശവർഷം അകലെ സിഗ്നസ് എന്ന നക്ഷത്ര വ്യൂഹത്തിന് സമീപമാണ് ഈ നെബുല. നശിക്കുന്ന നക്ഷത്രത്തിന്റെ അവശിഷ‌്ട വാതകങ്ങളും ധൂളിയും ചേർന്നുണ്ടാകുന്ന ഭീമാകാരമായ മേഘമാണ് നെബുല. നാസയുടെ സോഫിയ എന്ന പറക്കുന്ന വാനനിരീക്ഷണ ശാലയിലെ കൂറ്റൻ ടെലസ്‌കോപ്പാണ് തന്മാത്ര കണ്ടെത്തിയത്.
പ്രപഞ്ചോൽപ്പത്തിക്ക് കാരണമായ മഹാവിസ്‌ഫോടനം നടന്ന് ഒരുലക്ഷം വർഷത്തിന് ശേഷമാണ് ആദ്യമായി ഹീലിയവും ഹൈഡ്രജനും സംയോജിച്ച് ഹീലിയം ഹൈഡ്രൈഡ് തന്മാത്ര ഉണ്ടായത്. ആധുനിക പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഈ തന്മാത്ര ഉണ്ടാകുമെങ്കിലും ബഹിരാകാശത്ത് ആദ്യമായാണ് ഇതിനെ കണ്ടെത്തുന്നത്. ആദ്യ പ്രപഞ്ചത്തിന്റെ രസതന്ത്രത്തിലേക്കും കോടിക്കണക്കിന് വർഷങ്ങളിലൂടെ അതിന്റെ പരിണാമത്തിലേക്കും വെളിച്ചം വീശുന്ന കണ്ടുപിടിത്തം നേച്ചർ വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചുട്ടു പഴുത്തു, പിന്നെ തണുത്തു
13,000 കോടി വർഷങ്ങൾക്ക് മുൻപ് മഹാവിസ്‌ഫോടനത്തിൽ രൂപം കൊണ്ട ആദ്യ പ്രപഞ്ചം ചുട്ടുപഴുത്തിരുന്നു. അന്ന് കുറേ സൂക്ഷ്മകണങ്ങൾ ( ആറ്റം ) മാത്രമായിരുന്നു. കൂടുതലും ഹൈഡ്രജനും ഹീലിയവുമായിരുന്നു. ആറ്റങ്ങൾ സംയോജിച്ച് ആദ്യ തന്മാത്രകൾ ഉണ്ടായി. ഇവ ഹീലിയം ഹൈഡ്രൈഡ് ആണെന്നാണ് കരുതുന്നത്. ക്രമേണ പ്രപഞ്ചം തണുത്ത് നിശ്‌ചിത രൂപങ്ങൾ ആവിർഭവിച്ചു. തണുക്കാൻ തുടങ്ങിയതോടെ ഹൈഡ്രജൻ ആറ്റങ്ങൾ ഹീലിയം ഹൈഡ്രൈഡുമായി പ്രതിപ്രവർത്തിച്ച് ഹൈഡ്രജൻ തന്മാത്രകൾ ഉണ്ടായി. ഈ തന്മാത്രകൾ ചേർന്ന് ആദ്യത്തെ നക്ഷത്രങ്ങൾ ഉണ്ടായി. നക്ഷത്രങ്ങൾ മറ്റ് മൂലകങ്ങളെ ആവാഹിച്ചാണ് ഇന്നത്തെ സങ്കീർണമായ രാസ പ്രപഞ്ചം ഉണ്ടായത്. ഇതെല്ലാം തിയറി ആയിരുന്നു. രസതന്ത്രത്തിന്റെ തുടക്കം കുറിക്കുന്ന ഹീലിയം ഹൈഡ്രൈഡ് ശൂന്യാകാശത്ത് കണ്ടെത്താതിരുന്നതിനാൽ അത് തെളിയിക്കാനായില്ല.
എൻ. ജി. സി 7027 നെബുലയിൽ ഹീലിയം ഹൈഡ്രൈഡ് ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടെന്ന് കണ്ടെത്തിയത് 1970കളിലാണ്. മറ്റ് ഒരു മൂലകവുമായും സംയോജിക്കാത്ത ആറ് അപൂർവ വാതകങ്ങളിൽ ഒന്നാണ് ഹീലിയം. നശിക്കുന്ന നക്ഷത്രത്തിലെ ചൂടും അൾട്രാവയലെറ്റ് റേഡിയേഷനും ഹീലിയം - ഹൈഡ്രജൻ സംയോജനത്തിന് ഉതകുമെന്നായിരുന്നു നിഗമനം. ഹീലിയം ഹൈഡ്രൈഡിൽ നിന്നുള്ള സിഗ്നലുകൾ പിടിച്ചെടുത്ത സോഫിയയിലെ ടെലസ്‌കോപ്പ് അതാണ് സ്ഥിരീകരിച്ചത്.
സോഫിയ
സ്‌ട്രാറ്റോസ്‌ഫെറിക് ഒബ്‌സർവേറ്ററി ഫോർ ഇൻഫ്രാറെഡ് അസ്‌ട്രോണമി
വാനനിരീക്ഷണത്തിനായി പരിഷ്‌കരിച്ച ഒരു ബോയിംഗ് 747 വിമാനമാണിത്
ലോകത്തെ ഏറ്റവും വലിയ പറക്കുന്ന വാനനിരീക്ഷണ നിലയമാണിത്
ഭൂമിയിൽ നിന്ന് 50 കിലോമീറ്റർ ഉയരെ പറന്നാണ് ബഹിരാകാശ നിരീക്ഷണം
106 ഇഞ്ച് വ്യാസമുള്ള അതിശക്തമായ ടെലസ്കോപ്പുണ്ട്
ഒരു സംഘം ശാസ്‌ത്രജ്ഞന്മാരും