കൊല്ലം: ബി.ജെ.പി വോട്ടിനെച്ചൊല്ലി കൊല്ലത്ത് എൽ.ഡി.എഫ് - യു.ഡി.എഫ് പോര് കനക്കുന്നു. കൊല്ലത്ത് എൻ.ഡി.എ ദുർബല സ്ഥാനാർത്ഥിയെ നിറുത്തിയതിന് പിന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനാണെന്ന ആരോപണവുമായി എൽ.ഡി.എഫ് നേതാക്കൾ നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാൽ വർഗീയമായി വോട്ട് സ്വാധീനിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണ് ഇൗ പ്രചാരണമെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ദുർബലനായതിന് പിന്നിൽ എൻ.കെ. പ്രേമചന്ദ്രൻ നേരിട്ട് നടത്തിയ ഇടപെടലാണെന്ന് മന്ത്രി തോമസ് ഐസക് ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സംഘപരിവാറിനും ബി.ജെ.പിക്കുമെതിരെ ഒരു വാക്കുപോലും പറയാൻ പ്രേമചന്ദ്രൻ തയ്യാറല്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിക്ക് ലഭിച്ച 1,30,672 വോട്ട് നരേന്ദ്രമോദി നേരിട്ട് പ്രചാരണം നടത്തിയാലും നിലനിറുത്താൻ കഴിയില്ലെന്ന് ബി.ജെ.പി നേതാക്കൾ പരസ്യമായി പറയുന്നതിലൂടെ വോട്ട് കച്ചവടമാണ് തെളിയുന്നതെന്നും ഐസക് പറഞ്ഞു.
അതേസമയം കൊല്ലത്ത് ബി.ജെ.പിയുടെ വോട്ട് വർദ്ധിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വോട്ടർമാരെ വർഗീയമായി സ്വാധീനിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമായാണ് എൻ.കെ. പ്രേമചന്ദ്രനുമേൽ ബി.ജെ.പി ബന്ധം ആരോപിക്കുന്നത്. വികസനവും രാഷ്ട്രീയവും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള വിലകുറഞ്ഞ കാര്യങ്ങൾ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു.
യു.ഡി.എഫിനെ സഹായിക്കാനായി ബി.ജെ.പി ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് പ്രവർത്തനം ദുർബലപ്പെടുത്തുന്നുവെന്ന ബി.ജെ.പി പ്രവർത്തകരായ രണ്ട് അഭിഭാഷകരുടെ ആരോപണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ആരോപണം ഉന്നയിച്ച ഒരു അഭിഭാഷകൻ പ്രമുഖ സി.പി.എം നേതാവിന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്നയാളാണ്. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം നീചമായ കുതന്ത്രങ്ങൾ പ്രയോഗിക്കുന്നത്. കുറിതൊടുന്നവനെയും അമ്പലത്തിൽ പോകുന്നവനെയും സംഘിയായി ചിത്രീകരിച്ച് മതസൗഹാർദ്ദം തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.