ന്യൂഡൽഹി : യു.പി മുൻ മുഖ്യമന്ത്രിയും മുൻ ഗവർണറുമായ അന്തരിച്ച എൻ.ഡി.തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണത്തിൽ വൻവഴിത്തിരിവ്. രോഹിതിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് വെളിപ്പെടുത്തി. മദ്യലഹരിയിലായിരുന്ന രോഹിത്തിനെ തലയിണ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ആരെയും പ്രതിചേർക്കാതെ കൊലക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് രോഹിത്തിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 2014ൽ ഡി.എൻ.എ പരിശോധനയിലൂടെയാണ് രോഹിത്, എൻ.ഡി.തിവാരിയുടെ മകനാണെന്ന് സ്ഥാപിച്ചത്. തുടർന്ന് മകനായി അംഗീകരിച്ച തിവാരി, രോഹിതിന്റെ അമ്മ ഉജ്ജ്വലയെ വിവാഹം ചെയ്തിരുന്നു. 2017ൽ തിവാരിയും മകനും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു.