mulayam

ലക്‌നൗ : ഇരുപത്തിനാല് വർക്ഷത്തെ രാഷ്ട്രീയ വൈരം വിസ്‌മരിച്ച് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവും ബി.എസ്.പി. നേതാവ് മായാവതിയും വേദി പങ്കിട്ടു.

മെയിൻപുരി മണ്ഡലത്തിൽ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന മുലായത്തിനു വേണ്ടി പ്രചാരണത്തിനാണ് മായാവതി എത്തിയത്.

ആയിരങ്ങൾ അണിനിരന്ന റാലിയിൽ ദീർഘകാലം ബദ്ധവൈരികളായിരുന്ന ഇരുനേതാക്കളും പരസ്പരം പുകഴ്‌ത്തുകയും കേന്ദ്രഭരണത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.

സമാ‌ജ്‌വാദി പാർട്ടിയും ബഹുജൻ സമാ‌ജ്‌ പാർട്ടിയും രാഷ്ട്രീയ ലോക്ദളും മുന്നണിയായാണ് യു.പിയിൽ മത്സരിക്കുന്നത്. മുമ്പ് നടന്ന മൂന്ന് സംയുക്ത റാലികളിലും 'അനാരോഗ്യം' പറഞ്ഞ് മുലായം പങ്കെടുത്തിരുന്നില്ല.

ശത്രുത മറന്ന് തൊട്ടടുത്താണ് ഇരുവരും ഇരുന്നത്. മായാവതിയുടെ കാൽ തൊട്ടു വന്ദിക്കാൻ മുലായം പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ എങ്ങനെയും ബി.ജെ.പിയെ തോൽപ്പിക്കുകയാണ് മഹാസഖ്യത്തിന്റെ ലക്ഷ്യം.

ബി.ജെ.പി.യെ പരാജയപ്പെടുത്താനാണ് ബി.എസ്.പി. സമാജ് വാദി പാർട്ടിയുമായി കൈകോർത്തതെന്നും പ്രതിപക്ഷ മഹാസഖ്യത്തിന്റെ വിജയത്തിനായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്നും മായാവതി പറഞ്ഞു.

മായാവതിയോട് നന്ദിയുണ്ട്, ബഹുമാനവും

എനിക്കുവേണ്ടി വോട്ടഭ്യർത്ഥിക്കാനെത്തിയ മായാവതിയോട് നന്ദിയുണ്ട്. ആവശ്യമുള്ള സമയത്തെല്ലാം ഞങ്ങൾക്കൊപ്പം നിന്ന നേതാവാണ് മായാവതി. അവരോട് ബഹുമാനമുണ്ട്. അവർ ഇവിടെ എത്തിയതിൽ ഞാൻ ഏറെ സന്തോഷവാനാണ്.

- മുലായം സിംഗ്

മോദിയെപ്പോല വ്യാജനേതാവല്ല, റിയൽ ഹീറോ

മുലായം സിംഗ്, മോദിയെപ്പോലെ ഒരു വ്യാജ പിന്നാക്ക നേതാവല്ലെന്ന് മായാവതി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ യഥാർത്ഥ നേതാവ് മുലായമാണ്. മോദി പിന്നാക്കക്കാരന്റെ പ്രതിച്ഛായയിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ വിശാല താൽപര്യത്തിന് വിഷമകരമായ തീരുമാനങ്ങൾ എടുക്കേണ്ടിവരും. ഇക്കാലയളവിൽ മുലായം സിംഗ് ഏറെ മാറി. സമാജ്‌വാദി സർക്കാർ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി ഏറെ കാര്യങ്ങൾ ചെയ്തു.

-മായാവതി

ശത്രുത ഇങ്ങനെ...

1995ൽ ഭരണമുന്നണി പൊളിഞ്ഞതോടെയാണ് മുലായവും മായാവതിയും തമ്മിൽ അകന്നത്. അന്ന് ബി.ജെ.പിയെ ഭരണത്തിൽ നിന്നകറ്റാൻ രൂപം കൊണ്ട മുന്നണി രണ്ടു വർഷത്തിനുള്ളിൽ തകരുകയായിരുന്നു. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ബി.ജെ.പിക്കൊപ്പം ചേരാൻ മായാവതി തീരുമാനിച്ചതിൽ പ്രതിഷേധിച്ച് അവർ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ അതിക്രമിച്ചു കയറിയ സമാജ്‌വാദി പാർട്ടി പ്രവർത്തകർ അവരെ കൈയേറ്റം ചെയ്തത് വൻവിവാദമായിരുന്നു.

വർഷങ്ങൾ കഴിഞ്ഞ് അഖിലേഷ് യാദവ് പാർട്ടി തലപ്പത്തെത്തിയ ശേഷമാണ് മായാവതിയുമായി വീണ്ടും അടുത്തത്. ബി.ജെ.പി ശക്തികേന്ദ്രങ്ങളായിരുന്ന കൈരാന, ഗോരഖ്പുർ, ഫൂൽപുർ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മുന്നണി വിജയം നേടുകയും ചെയ്‌തു.