m-m-mani

തിരുവനന്തപുരം: പ്രളക്കെടുതിയിൽ തകർന്ന വീടുകളുടെയും സർക്കാരിന്റെ പുനർനിർമ്മാണത്തെയും വിശദമാക്കി മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ ദുരിതബാധിതരുൾപ്പെടെയുള്ളവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോൺഗ്രസ‌് കോടികൾ മുക്കിയപ്പോൾ പുനർനിർമാണം ഏറ്റെടുത്ത സർക്കാർ ഇതുവരെ 1390 വീട‌ുകൾ നിർമിച്ചുനൽകിയെന്നും കുറിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സർക്കാർ പെട്ടെന്ന് തന്നെ വീടുനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വീട‌് നഷ്ടപ്പെട്ടവർക്ക‌് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക‌് പത്തുലക്ഷവും അനുവദിച്ചാണ‌് നിർമാണം തുടങ്ങിയത‌്. അറ്റകുറ്റപ്പണികൾക്കായി സർക്കാർ 1272 കോടി വിതരണം ചെയ‌്തു. 1390 വീട‌് പൂർത്തിയാക്കിയതിനു പുറമെ 11,448 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ‌െന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രളയക്കെടുതി -പുനർനിർമാണ പ്രവർത്തികൾ: സർക്കാർ ഇതുവരെ നിർമിച്ചത‌് 1390 വീട‌് ; അറ്റകുറ്റപ്പണികൾക്കായി 1272 കോടി*

.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ ദുരിതബാധിതരുൾപ്പെടെയുള്ളവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോൺഗ്രസ‌് കോടികൾ മുക്കിയപ്പോൾ പുനർനിർമാണം ഏറ്റെടുത്ത സർക്കാർ ഇതുവരെ നിർമിച്ചുനൽകിയത‌് 1390 വീട‌്.

.ഇതിൽ 634 വീട‌് സർക്കാർ നൽകിയ പണം ഉപയോഗിച്ചാണ‌് നിർമിച്ചത‌്. സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം 539 ഉം, സ‌്പോൺസർമാർ 217 വീടും ഇതിനകം നിർമിച്ചു. പ്രളയത്തിൽ 14,057 വീടാണ‌് പൂർണമായി തകർന്നത‌്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വിതച്ച സർവനാശത്തിനു മുന്നിൽ പകച്ചുനിൽക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട‌് ഏറ്റെടുത്ത സർക്കാർ പ്രളയജലമൊഴിഞ്ഞപ്പോൾ ഒട്ടും വൈകാതെ വീടുനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വീട‌് നഷ്ടപ്പെട്ടവർക്ക‌് നാലു ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക‌് പത്തുലക്ഷവും അനുവദിച്ചാണ‌് നിർമാണം തുടങ്ങിയത‌്.

*അറ്റകുറ്റപ്പണികൾക്കായി 1272 കോടി വിതരണം ചെയ‌്തു*

.സർക്കാർ 1390 വീട‌് പൂർത്തിയാക്കിയതിനു പുറമെ 11,448 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ‌്. ഇതിൽ സർക്കാരിന്റെ 8844 വീടുണ്ട‌് . കെയർ പദ്ധതിയിൽ 1879ഉം സ‌്പോൺസർമാരുടെ 765 വീടും. ഇവയിൽ 2572 എണ്ണത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ‌്.

.പുറമ്പോക്ക‌് നിവാസികളായ 1100 പേർക്കാണ‌് സ്ഥലം കണ്ടെത്തി വീട‌് നിർമിച്ചുനൽകുക. 1028 പേർക്ക‌് സ്ഥലം കണ്ടെത്തി വീട‌് നിർമാണം പുരോഗമിക്കുകയാണ‌്.

.കേടുപാടു പറ്റിയ വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി 2,39,254 പേർക്കായി സർക്കാർ ഇതുവരെ 1272 കോടി വിതരണം ചെയ്തു. 15 ശതമാനം കേടുപറ്റിയ വീടുകൾക്ക‌് 122 കോടി, 30 ശതമാനത്തിൽ താഴെ 441 കോടിയും 60 ശതമാനത്തിൽ താഴെ 379 കോടിയും 75 ശതമാനത്തിൽ താഴെ 328 കോടിയുമാണ‌് ഇതുവരെ നൽകിയത‌്. ആകെ 2,66,533 വീടിനാണ‌് കേടുപാടുകൾ സംഭവിച്ചത‌്.

.സഹകരണവകുപ്പ് നടപ്പാക്കുന്ന കെയർഹോം പദ്ധതിപ്രകാരം രണ്ട‌് ഘട്ടത്തിലായി 539 വീടിന്റെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറി. കൂടാതെ, 162 വീടിന്റെ പണി പൂർത്തിയായെങ്കിലും തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ‌് താക്കോൽ കൈമാറാത്തത‌്.

.ഇതുകൂടാതെ 1879 വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി തറക്കല്ലിടീൽ നടത്തിയിട്ടുണ്ട്. 185 വീടിന്റെ ലിന്റലും 756 വീടിന്റെ കോൺക്രീറ്റ‌് നിർമാണവും പൂർത്തിയാക്കി. 2000 വീട‌് നിർമിക്കാനാണ‌് സഹകരണവകുപ്പ‌് തീരുമാനിച്ചത‌്.