jet

ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ട് പ്രവർത്തനം അവസാനിപ്പിച്ച ജെറ്ര് എയർവേസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങൾ പാട്ടത്തിന് നൽകി പണം കണ്ടെത്താൻ എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് കൺസോർഷ്യത്തിന്റെ നീക്കം. പത്ത് ബോയിംഗ് 777-300 വിമാനങ്ങൾ ഉൾപ്പെടെ 16 വിമാനങ്ങളാണ് ജെറ്ര് എയർവേസിന് സ്വന്തമായുള്ളത്. ഇതിൽ 15 എണ്ണം പാട്ടത്തിന് നൽകാനാണ് നീക്കം.

ജെറ്രിന്റെ അഞ്ച് ബോയിംഗ് വിമാനങ്ങൾ പാട്ടത്തിന് എടുക്കാമെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അശ്വനി ലോഹാനി, എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാറിന് കത്തയച്ചിരുന്നു. ലണ്ടൻ, ദുബായ്, സിംഗപ്പൂർ റൂട്ടുകളിൽ ഈ വിമാനം പറത്താമെന്നാണ് എയർ ഇന്ത്യ പറയുന്നത്. എയർ ഇന്ത്യയുടെ വാഗ്‌ദാനം അനുഭാവത്തോടെ പരിഗണിക്കുകയാണെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകളിൽ ജെറ്ര് എയർവേസ് തിരിച്ചടയ്‌ക്കാനുള്ളത് 8,500 കോടി രൂപയാണ്. വായ്‌പാ തിരിച്ചടവ് മുടങ്ങിയതോടെ, കഴിഞ്ഞമാസം 25നാണ് ജെറ്രിന്റെ നിയന്ത്രണം ബാങ്കുകൾ ഏറ്റെടുത്തത്.

ജെറ്ര് എയർവേസിന്റെ 75 ശതമാനം ഓഹരികൾ വിറ്റഴിച്ച് പണം കണ്ടെത്താനുള്ള നടപടി ബാങ്കുകൾ സ്വീകരിച്ചിട്ടുണ്ട്. ഓഹരി വാങ്ങാനുള്ള താത്പര്യപത്രം എത്തിഹാദ്, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ സമർപ്പിച്ചിട്ടുമുണ്ട്. മേയ് 10ന് യോഗ്യരായ നിക്ഷേപകരുടെ പേര് പുറത്തുവിടും. കൂടുതൽ സാമ്പത്തിക സഹായം നൽകാനില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കിയതോടെ, കഴിഞ്ഞ 17നാണ് ജെറ്ര് എയർവേസ് പ്രവർത്തനം അവസാനിപ്പിച്ചത്. മൊത്തം 120 വിമാനങ്ങളാണ് ജെറ്ര് എയർവേസ് പറത്തിയിരുന്നത്. സ്വന്തമായുള്ള 16 എണ്ണം ഒഴികെ മറ്റുള്ളവ പാട്ടത്തിന് എടുത്തതാണ്.

ജെറ്രിന്റെ സ്വന്തം വിമാനങ്ങൾ പാട്ടത്തിന് നൽകുന്നതിലൂടെ, ഓഹരി വില്‌പന നീക്കം സജീവമായി നിലനിറുത്തുകയാണ് ബാങ്കിംഗ് കൺസോർഷ്യം ഉദ്ദേശിക്കുന്നത്. വിമാനത്താവളങ്ങളിലെ ജെറ്രിന്റെ സ്ലോട്ടുകൾ നിലനിറുത്താൻ ഇതുവഴി കഴിയും. ഓഹരികൾ സ്വന്തമാക്കുന്ന പുതിയ ഉടമസ്ഥർക്ക്, സ്ളോട്ടുകൾ നിലനിറുത്തപ്പെടേണ്ടത് അത്യാവശ്യവുമാണ്.

യാത്രക്കാർക്ക് റീഫണ്ട്

വൈകിയേക്കും

പ്രവർത്തനം അവസാനിപ്പിച്ചതിന് പിന്നാലെ ജെറ്ര് എയർവേസിന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിലെ (അയാട്ട) അംഗത്വം നഷ്‌ടമായിട്ടുണ്ട്. ഇത്, ജെറ്ര് എയർവേസിൽ നിന്ന് ടിക്കറ്ര് നിരക്ക് റീഫണ്ട് ചെയ്‌ത് കിട്ടാനുള്ള യാത്രികർക്ക് തിരിച്ചടിയാണ്. അയാട്ടയുടെ സിസ്‌റ്റം പ്രയോജനപ്പെടുത്തിയാണ് ലോകമാകെയുള്ള ട്രാവൽ ഏജന്റുമാർ ജെറ്രിന്റെ ടിക്കറ്ര് ബുക്ക് ചെയ്‌തിരുന്നത്. അംഗത്വം നഷ്‌ടമായതോടെ, ഏജന്റുമാർക്ക് അയാട്ട സിസ്‌റ്റത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക പ്രയാസമാകും. റീഫണ്ട് നടപടികൾക്ക് ഇനി മറ്ര് മാർഗങ്ങൾ തേടേണ്ടി വരുമെന്നതിനാൽ, പണം തിരികെ കിട്ടാൻ യാത്രികർ ഏറെ കാത്തിരിക്കേണ്ടി വരും.