mk-raghvan-

കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുത്തേക്കും. കേസെടുക്കുന്ന കാര്യത്തിൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനോട് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ നിയമോപദേശം തേടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണ് പൊലീസ് നടപടി.

നിയമോപദേശം ഉടൻ നൽകുമെന്ന് ഡയറക്ടർ ജനറൽ അറിയിച്ചിട്ടുണ്ട്. കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. കമ്മിഷന് കിട്ടിയ പരാതി ഡി.ജിപിക്ക് കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതുപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യത്തിന്റെ ആധികാരികത ഉറപ്പാക്കിയത്. കേസെടുക്കണമെന്ന് കണ്ണൂർ റേഞ്ച് ഐ.ജി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഒരു സിംഗപ്പൂർ കമ്പനിക്ക് ഹോട്ടൽ തുടങ്ങാൻ കോഴിക്കോട് സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘത്തോട് എം.കെ. രാഘവൻ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ദേശീയ ചാനൽ പുറത്തുവിട്ടത്.