വണ്ടിപ്പെരിയാർ: തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ചതിനെത്തുടർന്ന് സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

കോൺഗ്രസ് പ്രവർത്തകരായ വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റ് കടശികടവ് ലയത്തിലെ ജോസഫ് (48), മകൻ ജയ്‌സൺ (16), ഡി.വൈ.എഫ്.ഐ മഞ്ചുമല മേഖലാ സെക്രട്ടറി വേൽമുരുകൻ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ജെയ്‌സന്റെ തലയ്ക്ക് 16 തുന്നലുകളും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വേൽമുരുകന്റെ തലയിൽ മൂന്നു തുന്നലുമുണ്ട്. ജോസഫിന്റെ കാലിനാണ് പരിക്കേറ്റത്.മൂന്ന് പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഘർഷം.

കഴിഞ്ഞ ദിവസം അരണക്കൽ എസ്റ്റേറ്റിൽ സ്ഥാപിച്ചിരുന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഫ്ളക്‌സ് ബോർഡ് നശിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകനായ ജൈസനാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇന്നലെ വൈകിട്ട് നാല് മണിയോടെ സി.പി.എം പ്രവർത്തകർ ജോസഫിന്റെ വീട്ടിലെത്തി താക്കീത് ചെയ്യുകയുമുണ്ടായി. ഇതിനിടെയുണ്ടായ

വാക്കേറ്റത്തിനിടെ സി.പി.എം പ്രവർത്തകർ ജോസഫിനെയും മകനെയും വീട്ടിൽ കയറി മർദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്. സി.പി.എം പ്രവർത്തകനായ വേൽമുരുകനെ മർദ്ദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും വീട്ടിൽ കയറി ആക്രമിച്ചിട്ടില്ലെന്നുമാണ് സി.പി.എം നേതൃത്വം പറയുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.