gagan

ലണ്ടൻ: 360 വർഷത്തെ പാരമ്പര്യമുള്ള ശാസ്ത്രസാങ്കേതിക വേദിയായ ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഒഫ് ലണ്ടന്റെ കീഴിലുള്ള ഫെല്ലോസ് ഒഫ് റോയൽ സൊസൈറ്റി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതി ഇനി ഡോ. ഗഗൻദീപ് കാംഗിന് സ്വന്തം. ശാസ്ത്രരംഗത്ത് അത്യപൂർവമായ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്. ഐസക്ക് ന്യൂട്ടൺ, ചാൾസ് ഡാർവിൻ, മൈക്കൾ ഫാരഡെ, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയ പ്രഗല്ഭരായ ശാസ്ത്രജ്ഞരുടെ നിരയിൽ ഇതോടെ ഗഗൻദീപ് കാംഗും ഇടം നേടി.

ശ്രീനിവാസ രാമാനുജൻ, ഹോമി ഭാബ, സത്യേന്ദ്ര നാഥ് ബോസ് എന്നിവരാണ് ഇന്ത്യയിൽ നിന്നു പുരസ്‌കാരത്തിന് അർഹരായ മറ്റ് പ്രമുഖർ. റെയിൽവേ ഉദ്യോഗസ്ഥനായ പിതാവിന്റെ സഹായത്തോടെ നിർമിച്ച ചെറു പരീക്ഷണശാലകളിലാണ് ഗഗൻദീപ് ഏറ്റവുമധികം സമയം ചെലവഴിച്ചത്. 1987ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നു വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ഗഗൻദീപ് 1991ൽ മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദം നേടി. റോയൽ കോളേജ് ഒഫ് പത്തോളജിയിൽ രോഗാണുശാസ്ത്രത്തിൽ ഉന്നത ഗവേഷണം നടത്തിയതിനുശേഷം അവർ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ഉദരരോഗവിഭാഗത്തിൽ അദ്ധ്യാപികയായി.

ഇപ്പോൾ ഫരീദാബാദ് ആസ്ഥാനമായ ട്രാൻസ്‌ലേഷനൽ ഹെൽത്ത് സയൻസ് ആൻ‌ഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എക്സിക്യൂട്ടിവ് ഡയറക്ടറാണ്. 2015 മുതൽ ലോകാരോഗ്യസംഘടനയുടെ തെക്ക്കിഴക്ക് ഏഷ്യൻ മേഖലയുടെ അദ്ധ്യക്ഷസ്ഥാനവും ഗഗൻദീപ് കാംഗ് വഹിക്കുന്നു. വുമൺ ബയോസയന്റിസ്റ്റ് ഒഫ് ദ ഇയർ, ഇൻഫോസിസ് പ്രൈസ് ഇൻ ലൈഫ് സയൻസസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഗഗൻദീപിന് ലഭിച്ചിട്ടുണ്ട്.