ന്യൂഡൽഹി ∙ മുംബയ് ഭീകാരാക്രമണത്തിനിടെ കൊല്ലപ്പെട്ട് എ.ടി.എസ് തലവൻ ഹേമന്ദ് കർക്കരയ്ക്കെതിരായ പ്രസ്താവന പിൻവലിച്ച് പ്രജ്ഞാ സിംഗ് താക്കൂർ. പ്രജ്ഞാ സിംഗിന്റെ പ്രസ്താവനയെ ബി.ജെ.പി തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന പിൻവലിച്ച് പ്രജ്ഠാസിംഗ് രംഗത്തെത്തിയത്. കർക്കരെയെപ്പറ്റി പ്രജ്ഞ പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമെന്നു ബി.ജെ.പി നേരത്തെ പറഞ്ഞിരുന്നു.
ഭീകരരെ എതിരിട്ടാണു കർക്കരെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്പോഴും രക്തസാക്ഷിയായാണു പാർട്ടി കാണുന്നത്. പ്രജ്ഞ സിംഗ് അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളാവും അവരെ അത്തരമൊരു പ്രസ്താവന നടത്താൻ പ്രേരിപ്പിച്ചതെന്ന് ബി.ജെ.പി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് കർക്കരെ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ഭോപാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രജ്ഞ സിംഗ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന സമയത്ത് തന്നോട് വളരെ മോശമായാണ് അയാൾ പെരുമാറിയിരുന്നത്. അതിന്റെ കർമഫലമാണ് കർക്കരെ അനുഭവിച്ചതെന്നും പ്രജ്ഞ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രജ്ഞയുടെ ഈ പ്രസ്താവനയാണ് വിവാദമായത്.
തന്നെ മലേഗാവ് സ്ഫോടന കേസിൽപെടുത്തിയതോടെ അയാൾ കുടുംബമടക്കം നശിക്കുമെന്ന് ഞാൻ ശപിച്ചിരുന്നു. താൻ ജയിലിലായത് മുതൽ കർക്കരെയുടെ കഷ്ടക്കാലം തുടങ്ങിയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ദ് കർക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.