election-2019

മാനന്തവാടി: കേരളത്തിൽ ബി ജെ പി വർഗീയ ധ്രുവീകരണം നടത്തിക്കൊണ്ടാണ് പ്രചരണം നടത്തുന്നതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും എ. ഐ. സി സി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് പറഞ്ഞു. എടവക രണ്ടേനാലിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദവും വർഗീയവാദവും മതങ്ങളെ തമ്മിലടിപ്പിച്ചും അധികാരത്തിലെത്താനാണ് ബി ജെ പി ഇന്ത്യയിലുടനീളം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒന്നായി നശിപ്പിക്കുകയാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മോദി സർക്കാർ ചെയ്തത്. തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല, 4.73 കോടി തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്തത്. ജി എസ് ടി, നോട്ടുനിരോധനം എന്നിവ മൂലം ചെറുകിട വ്യവസായങ്ങളടക്കമുള്ള തൊഴിലവസരങ്ങൾ ഇല്ലാതാക്കിയ നരേന്ദ്രമോദി ലോകത്ത് അറിയപ്പെടുക തൊഴിലുകൾ നഷ്ടപ്പെടുത്തിയ പ്രധാനമന്ത്രി എന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോൾ ഗുരുതരമായ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതീവ ഗൗരവമായ തിരഞ്ഞെടുപ്പാണിത്. മതേതരത്വം നിലനിർത്തണമോ, വർഗീയത വളർത്തണമോ എന്ന രണ്ടാശയങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ ഇന്ത്യയെ രക്ഷിക്കാനും ബി ജെ പി അധികാരത്തിൽ നിന്നും തൂത്തെറിയാനും, സർവ മനുഷ്യരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.