തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ച് നടൻ ബിജു മേനോൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്. ബിജു മേനോന് എതിരെയുള്ള വിമർശനത്തിനെതിരെ പ്രതികരിച്ച് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
ബിജു മേനോന് എതിരെ സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ പങ്കുവച്ചാണ് ഗോകുൽ രംഗത്തെത്തിയത്. ഇങ്ങനെ ഒരേപോലത്തെ കമെന്റുകൾ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ. ഗോകുൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഇത്രയേറെ സൈബർ ആക്രമണം നടക്കുന്നതിനിടയിലും ബിജു മേനോന് പിന്തുണയുമായി ചിലർ രംഗത്തെത്തി. ഒരു സഹപ്രവർത്തകന് വേണ്ടി വോട്ടഭ്യർത്ഥന നടത്തിയതിൽ എന്ത് തെറ്റാണ് ഉള്ളതെന്ന് ഇവർ ചോദിക്കുന്നു.ലുലു കൺവെൻഷൻ സെന്ററിൽ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജു മേനോൻ. താൻ കണ്ടതിൽ വച്ചേറ്റവും മനുഷ്യ സ്‌നേഹിയായ ഒരാളാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി തൃശൂർക്കാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിർമാതാവ് ജി. സുരേഷ്‌കുമാർ പറഞ്ഞിരുന്നു.