കൽപറ്റ: വയനാട് ലോകസഭാമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയെ അക്രമിച്ചതിനെതിരെ വയനാട്ടിൽ പ്രതിഷേധം ശക്തം. കൽപറ്റയിൽ നടന്ന വൻ പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ കൽപറ്റയിലെ എൻ.ഡി.എ ഓഫീസിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ ബി.ഡി.ജെ.എസ് നേതാക്കളായ സന്തോഷ് അരയാക്കണ്ടി, പൈലി വാത്ത്യാട്ട്, അഡ്വ. സിനിൽ , ഷാജി ബത്തേരി, ബി.ജെ.പി ജില്ല പ്രസിഡന്റ് സജി ശങ്കർ എന്നിവർ പങ്കെടുത്തു.
ആക്രമണം തോൽവി ഭയന്ന് : സുഭാഷ് വാസു
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന വയനാട്ടിൽ പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് വന്നപ്പോൾ തോൽവി ഭയന്നാണ് കോൺഗ്രസ് - മുസ്ലിം ലീഗ് പ്രവർത്തകർ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയെ അക്രമിച്ചതെന്ന് ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി സുഭാഷ് വാസു വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മുസ്ലിം ലീഗ് കോൺഗ്രസ് പ്രവർത്തകർ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
എ.പി. അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് വണ്ടൂരിൽ ആക്രമണം നടന്നതെന്നും ഇന്ത്യയിൽ ആകമാനമുള്ള പ്രതിഷേധ പ്രവർത്തനങ്ങൾക്ക് വയനാട്ടിൽ തുടക്കം കുറിക്കുകയാണെന്നും ബി.ജെ.പി ജില്ല പ്രസിഡന്റ് സജി ശങ്കർ ആരോപിച്ചു.