rahul-gandhi-

കല്പറ്റ: രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് രാജ്യമൊന്നാകെ ശ്രദ്ധിക്കുന്ന മണ്ഡലമായ വയനാട്ടിൽ രാഹുലിന് മൂന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് കോൺഗ്രസ്. വിവിധ നിയോജക മണ്ഡലങ്ങളുടെ ചുമതലയുളള നിരീക്ഷകരുടെ വിലയരുത്തലനുസരിച്ചുളള കണക്കാണിത്.

വയനാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ നിഗമനം. വയനാടിന് കീഴിൽ വരുന്ന ഏഴ് അസംബ്ളി മണ്ഡലങ്ങളിൽ നിന്നുള്ള പ്രാഥമിക കണക്കനുസരിച്ചാണിത്. എം.ഐ. ഷാനവാസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ രണ്ടു ലക്ഷം വോട്ടുകളെങ്കിലും രാഹുൽ ഗാന്ധിക്ക് അധികം ലഭിക്കുമെന്നാണ് കണക്ക്.

മലപ്പുറത്തെ നിലമ്പൂർ, വണ്ടൂര്,​ ഏറനാട് മണ്ഡലങ്ങളിൽ നിന്നായി ഒന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം കോൺഗ്രസ് പ്രതീക്ഷിക്കുന്നു. വയനാട്ടിൽ രണ്ടര ലക്ഷം വോട്ടിന്റെ ലീഡ് നേരത്തെ തന്നെ ഉണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നത്.

എന്നാൽ ഇതെല്ലാം യു.ഡി.എഫിന്റെ ആഗ്രഹം മാത്രമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. കോൺഗ്രസിന്റെ കണക്കുകൾ ഊതിപെരുപ്പിച്ചതെന്നാണ് അവരുടെ വാദം.