തിരുവനന്തപുരം: ലോകമെമ്പാടും ഏറെ ആരാധകരുള്ള രാഷ്ട്രീയ നേതാവാണ് ശശി തരൂർ. തന്റെ ഇംഗ്ലീഷ് പ്രയോഗത്തിലൂടെ ലോകമെമ്പാടും ശ്രദ്ധയാകർശിച്ച ശശി തരൂരിന്റെ സത്യവാങ്മൂലത്തിലെ അക്ഷര തെറ്റാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശശി തരൂർ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളിലാണ് പിശക് സംഭവിച്ചിരിക്കുന്നത്.
ശശി തരൂർ എന്ന പേരിന് പകരം 'ശഹി തരൂർ' (Shahi Tharoor) എന്നാണ് ഒരിടത്ത് എഴുതിയിരിക്കുന്നത്. മൂന്ന് സെറ്റ് സത്യവാങ്മൂലത്തിൽ ഒരിടത്താണ് തെറ്റ് സംഭവിച്ചിരിക്കുന്നത്. മറ്റൊരു സത്യവാങ്മൂലത്തിൽ കോൺഗ്രസ് പാർട്ടിയുടെ പേര് നൽകിയതിലും പിഴവ് സംഭവിച്ചിട്ടുണ്ട്. 'ഇന്ത്യൻ നാഷണല്‍ കോൺഗ്രസ്' എന്നതിനു പകരം ' ഇന്ത്യൻ നാഷണ കോണ്‍ഗ്രസ് (Indian Nationa Congress) എന്നാണ് സത്യവാങ്മൂലത്തിൽ കൊടുത്തിരിക്കുന്നത്.
മാത്രമല്ല ശശി തരൂരിന്റെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കുന്നതിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇതിനെ പിഴവായി കണക്കാക്കാൻ കഴിയില്ല. സത്യവാങ്മൂലത്തിൽ ഒപ്പിടുക മാത്രമാകും സ്ഥാനാർഥികൾ ചെയ്യുക. വസ്തുതാപരമായ തെറ്റുകൾ മാത്രമേ പ്രശ്നമാകു എന്നിരിക്കെ ഈ പിഴവുകൾ സ്ഥാനാർത്ഥിയെ ബാധിക്കുകയില്ല.