ന്യൂഡൽഹി : മുംബയ് ഭീകരാക്രമണത്തിൽ ഭീകര വിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ദ് കർക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപംമൂലമാണെന്ന് ഭോപാലിലെ ബി.ജെ.പി സ്ഥാനാർത്ഥി സ്വാധി പ്രജ്ഞാ സിംഗ് താക്കൂർ പറഞ്ഞതിന് പിന്നാലെ ബി.ജെ.പി നിഷേധിച്ച് പ്രസ്താവന ഇറക്കിയതിനാൽ പിൻവലിച്ചു. മലേഗാവ് സ്ഫോടനക്കേസിൽ തന്നെ കുടുക്കിയതിന് താൻ ശപിച്ചിരുന്നതിനാലാണ് കർക്കറെയ്ക്ക് ഇങ്ങനെ അന്ത്യം സംഭവിച്ചതെന്നായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. എന്നാൽ പാക് ഭീകരരെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച രക്തസാക്ഷിയാണ് കർക്കറെ എന്ന് ബി.ജെ.പി പ്രസ്താവനയിറക്കി. പ്രജ്ഞ പറഞ്ഞത് വ്യക്തിപരമെന്ന് പാർട്ടി തള്ളുകയും ചെയ്തു. വർഷങ്ങളായി അനുഭവിക്കുന്ന ശാരീരിക പീഡനം മൂലമാകാം അവർ അങ്ങനെ പറഞ്ഞതെന്നും പാർട്ടിക വിശദീകരിച്ചു. അതേ സമയം, പ്രജ്ഞയുടെ പ്രസ്താവനയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം തുടങ്ങി.