prakash-raj

ബംഗളൂരു: എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മലപ്പുറം ലോക്സഭ മണ്ഡസത്തിൽമത്സരിക്കുന്ന യുവ സ്ഥാനാർത്ഥി വി.പി സാനുവിനെ വേണ്ടി വോട്ടഭ്യർത്ഥിച്ച് നടനും സ്ഥാനാർത്ഥിയുമായ പ്രകാശ് രാജ്. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചാണ് സാനുവിനായി താരം വോട്ട് ചോദിക്കുന്നത്. ചില സ്ഥാനാർത്ഥികളെ തനിക്ക് പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അത്തരത്തിൽ ഒരാളാണ് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് രൂപപ്പെട്ടുവന്ന വി.പി സാനുവെന്നും പ്രകാശ് രാജ് പറഞ്ഞു.

ചില സ്ഥാനാർത്ഥികളെ എനിക്ക് പിന്തുണയ്‌ക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതും പരാജയപ്പെടുന്നതും നമ്മൾ ജനങ്ങളാണെന്ന് മനസിലാക്കേണ്ടതുണ്ട്. ശരിയായ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മൾവിജയിക്കുന്നത്. അത്തരത്തിലുള്ള ഒരു യുവ സ്ഥാനാർത്ഥിയുണ്ട്, മലപ്പുറം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന വി.പി സാനു. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് രൂപപ്പെട്ടുവന്ന ആളാണ് അദ്ദേഹം. ഒരു യുവശബ്ദം. നമ്മുടെ രാജ്യം ഇപ്പോൾ ആവശ്യപ്പെടുന്നതും ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണ്. സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കേരളത്തിലെ ജനങ്ങൾ ശരിയായതിനെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്', പ്രകാശ് രാജ് പറഞ്ഞു.

ഇടതുപക്ഷത്തിന്റെ ശക്തനായ സ്ഥാനാർത്ഥിയാണ് വി.പി സാനു. യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയാണ് സാനുവിന്റെ എതിരാളി. നിലവിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ സാനു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്.