gagandeep-

ശാസ്ത്രരംഗത്തെ മഹത്തായ സംഭാവനകൾക്ക് ബ്രിട്ടൻ റോയൽ സൊസൈറ്റിയുടെ ഫെല്ലോഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കി പ്രൊഫ. ഗഗൻദീപ് കാംഗ്. ബ്രിട്ടനിലെ റോയൽ സൊസൈറ്റിയുടെ 359 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫെല്ലോ ഓഫ് റോയൽ സൊസൈറ്റിയിൽ ഒരു ഇന്ത്യക്കാരി ഇടം നേടുന്നത്. ലോകത്തെമ്പാടു നിന്നുമുള്ള 51 ശാസ്ത്രജ്ഞരാണ് ബഹുമതിക്ക് അർഹരായത്.

കുട്ടികൾക്കിടയിലെ എന്ററിക് ഇൻഫെക്ഷനുകളെ കുറിച്ചുള്ള ഗവേഷണങ്ങളുടെ പേരിലാണ് ഗഗൻദിപ് ശ്രദ്ധേയയാവുന്നത്. റോട്ടാവൈറസിനും ടൈഫോഡിനെതിരേയുമുള്ള വാക്‌സിനുകൾ കണ്ടെത്തുന്നതിൽ ഗഗൻദീപ് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രഫസറായിരുന്ന ഗഗൻദീപ് ഇപ്പോൾ ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. നേരത്തെ ഡബ്ല്യു.എച്ച്.ഒയുടെ സൗത്ത് ഈസ്റ്റ്-ഏഷ്യ മേഖലയിലെ ഇമ്യുണേഷൻ ടെക്‌നിക്കൽ ഉപദേശക സംഘത്തിന്റെ ചെയർപേഴ്‌സണുമായിരുന്നു ഗഗൻദീപ്.

360 വർഷമായി ശാസ്ത്ര-സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നതാണ് റോയൽ സൊസൈറ്റി. ഐസക് ന്യൂട്ടണും ഐൻസ്റ്റീനും ഡാർവിനും ഫാരഡെയുമല്ലാം സൊസൈറ്റിയുടെ ബഹുമതി നേടിയവരാണ്. ഈ നിരയിലേക്കാണ് ഗഗൻദീപും കയറി ചെല്ലുന്നത്.

ഇന്ത്യയിൽ നിന്നും മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയവരിൽ ശ്രീനിവാസ രാമാനുജൻ, ഹോമി ജെ. ഭാഭ, സത്യേന്ദ്ര ബോസ് തുടങ്ങിയവർ ഉൾപ്പെടും. ഇരുപതോളം ഇന്ത്യക്കാരെ തേടി ഈ നേട്ടം എത്തിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഒരു വനിത ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്നത്.