തിരുവനന്തപുരം: അവസാന ലാപ്പിലെ പടയോട്ടത്തിൽ വിജയം കൈപ്പിടിയിലൊതുക്കാനുള്ള ഉശിരിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിനായി കാത്തിരിക്കുകയാണ് വോട്ടർമാർ. അവരുടെ മനസുകൾ കീഴടക്കി, പഴുതുകളെല്ലാം അടച്ച് വിജയം ഉറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർത്ഥികൾ. ശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രം. നാളെ വൈകിട്ട് 5ന് പരസ്യപ്രചാരണം അവസാനിക്കുകയാണ്. തിങ്കളാഴ്ച നിശബ്ദപ്രചാരണം മാത്രം. ചൊവ്വാഴ്ചയാണ് വിധിയെഴുത്ത്. അവസാനലാപ്പിലെ കുതിപ്പാണ് വിജയം നിശ്ചയിക്കുകയെന്ന തിരിച്ചറിവിൽ, വിജയമുറപ്പിക്കാനുള്ള തന്ത്രങ്ങളാണ് മൂന്ന് മുന്നണികളുടെയും ക്യാമ്പുകളിൽ ഉരുത്തിരിയുന്നത്.
തലസ്ഥാനത്തെ സ്ഥാനാർത്ഥികളായ ഡോ. ശശി തരൂരും സി. ദിവാകരനും കുമ്മനം രാജശേഖരനും കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. അവസാനഘട്ടത്തിൽ വോട്ടർമാരുടെ മനസ് ഏതു പക്ഷത്തേക്ക് ചായുമെന്ന് സസൂക്ഷ്മം നിരീക്ഷിച്ചാണ് പ്രചാരണതന്ത്രങ്ങൾ ഒരുക്കുന്നത്. കൊട്ടിക്കലാശം അതിഗംഭീരമാക്കാൻ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പതിവുപോലെ പേരൂർക്കടയിലും കഴക്കൂട്ടത്തുമാവും പ്രചാരണത്തിന്റെ കൊട്ടിക്കലാശം. എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും നയിക്കുന്ന റോഡ്ഷോയാണ് യു.ഡി.എഫിന്റെ വജ്രായുധം. 21ന് രാവിലെ 9 മുതൽ 11.30 വരെ വിഴിഞ്ഞം മുതൽ പൂന്തുറവരെ ഉമ്മൻചാണ്ടിയും വൈകിട്ട് 3 മുതൽ 4.45 വരെ തുമ്പ മുതൽ പൂന്തുറ വരെ എ.കെ. ആന്റണിയും റോഡ്ഷോ നടത്തും. യു.ഡി.എഫ് പ്രതീക്ഷയർപ്പിക്കുന്ന തീരദേശമേഖലയിലെ വോട്ടുകൾ ഒന്നാകെ ശേഖരിക്കുകയെന്നതാണ് ലക്ഷ്യം. സാധാരണ എ.കെ. ആന്റണിയുടെ റോഡ് ഷോയാണ് തീരദേശത്തെ കൊട്ടിക്കലാശത്തിന്റെ ഹൈലൈറ്റ്. ഫോട്ടോഫിനിഷ് മത്സരമായതിനാൽ ഇത്തവണ ഉമ്മൻചാണ്ടിയും ഇറങ്ങുന്നു. എ.കെ. ആന്റണി ഇന്ന് തലസ്ഥാനത്തുണ്ട്. വൈകിട്ട് 4ന് നെയ്യാറ്റിൻകരയിലും അഞ്ചരയ്ക്ക് വട്ടിയൂർക്കാവിലും ആറരയ്ക്ക് ആറ്റിങ്ങലിലുമാണ് ആന്റണിയുടെ യോഗങ്ങൾ. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയും ഇന്ന് തലസ്ഥാനത്ത് പ്രചാരണത്തിനിറങ്ങും. ആറരയ്ക്ക് പൂജപ്പുരയിലാണ് സ്വാമിയുടെ യോഗം.
എൽ.ഡി.എഫ്, എൻ.ഡി.എ പ്രചാരണവും എണ്ണയിട്ട യന്ത്രം പോലെയാണ്. പ്രധാനമന്ത്രിയുടെ വിജയ് സങ്കല്പ് റാലിക്കു ശേഷം കുമ്മനത്തിന്റെ പ്രചാരണം പൂർണമായി ആർ.എസ്.എസ് ഏറ്റെടുത്തു. ബൂത്തുതല സ്ക്വാഡ് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. വീടുകയറിയുള്ള പ്രചാരണത്തിന് എൽ.ഡി.എഫും തുടക്കമിട്ടു. പ്രവർത്തനപുരോഗതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ പ്രത്യേക സംവിധാനം എല്ലാ മുന്നണികൾക്കുമുണ്ട്. ലഘുലേഖ, അഭ്യർത്ഥന വിതരണ പരിപാടികൾക്കു പുറമെ ഈസ്റ്റർ ആശംസാകാർഡ് വിതരണവും പൊടിപൊടിക്കുന്നു.
അവസാനമണിക്കൂറുകളിൽ റോഡ് ഷോ നടത്തി അണികളെ ആവേശത്തിലാക്കാനാണ് മൂന്നു മുന്നണികളുടെയും തീരുമാനം. ഒപ്പം ബൂത്ത് തലത്തിൽ ഭവനസന്ദർശനത്തിനുള്ള വിപുലമായ പരിപാടികളുമുണ്ട്. തിരഞ്ഞെടുപ്പിന്റെ തലേദിവസം തിരഞ്ഞെടുപ്പ് സ്ക്വാഡുകൾ എല്ലാ വീടുകളിലുമെത്തുന്ന തരം സ്ക്വാഡ് പരിപാടിയാണ് മുന്നണികൾക്ക്. ചിഹ്നം പതിച്ച തൊപ്പിയും ബാഡ്ജും ധരിച്ച പ്രവർത്തകർ ബൂത്ത് പരിധിയിലെ എല്ലാ വീടുകളിലുമെത്തി വോട്ടഭ്യർത്ഥന നടത്തും.
അതേസമയം, വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലാഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് പൂർത്തിയായി. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് മെഷീനുകളുടെ കമ്മിഷനിംഗ് നടത്തിയത്. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും സൂക്ഷിച്ചിരിക്കുന്നത്. ഈ സ്ട്രോംഗ് റൂമുകൾക്ക് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള പൊതു നിരീക്ഷകൻ ശരവണവേൽരാജും ജില്ലയിലെ പൊലീസ് നിരീക്ഷക ശശി പ്രഭ ദ്വിവേദിയും ജില്ലയിലെ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. 27,14,164 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 14,23,857 പേർ സ്ത്രീകളും 12,90,259 പേർ പുരുഷന്മാരും 48 പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ 7,06,557 സ്ത്രീകളും 6,60,932 പുരുഷന്മാരും 34 ട്രാൻസ്ജെൻഡേഴ്സുമടക്കം ആകെ വോട്ടർമാർ 13,67,523 ആണ്. ജില്ലയിലെ 2013 വോട്ടർമാർ വിദേശത്തുണ്ട്. ഇതിൽ 1746 പേർ പുരുഷന്മാരും 267 പേർ സ്ത്രീകളുമാണ്. കന്നിവോട്ടർമാർ 46,441 പേരുണ്ട്.
കരുതിയിരിക്കണം, മിന്നലിനെ
തലസ്ഥാനത്തടക്കം വേനൽമഴയ്ക്കൊപ്പം മിന്നൽ വ്യാപകമായ സാഹചര്യത്തിൽ മിന്നലുള്ളപ്പോൾ പ്രസംഗം ഒഴിവാക്കുന്നത് നന്ന്. ഉയരമുള്ള വേദികളിൽ മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ മിന്നലേൽക്കാൻ സാദ്ധ്യതയുണ്ട്. പകൽ രണ്ടു മുതൽ രാത്രി 8 വരെ ജാഗ്രത വേണമെന്നാണ് ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്.
പരസ്യം പത്രത്തിൽ മാത്രം
പരസ്യപ്രചാരണം അവസാനിച്ചുകഴിഞ്ഞാൽ ടെലിവിഷൻ, റേഡിയോ, സമാനമായ മാദ്ധ്യമങ്ങൾ എന്നിവയിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകാൻ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. പത്രങ്ങളിൽ പരസ്യം നൽകാം. ഇതിന് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ (എം.സി.എം.സി) മുൻകൂർ അനുമതി വാങ്ങിയിരിക്കണം. പരസ്യപ്രചാരണം അവസാനിച്ചുകഴിഞ്ഞാൽ പാർട്ടികളോ സ്ഥാനാർത്ഥികളോ സോഷ്യൽമീഡിയയിലൂടെ പ്രചാരണം നടത്താൻ പാടില്ല. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കും.