തിരുവനന്തപുരം : തിരക്കേറിയ തലസ്ഥാന നഗരത്തിലെ ഫ്ലാറ്റുകൾ ഇനി കർശന സുരക്ഷാ വലയത്തിൽ. സ്മാർട്ട് സിറ്റിയുടെ ഭാഗമായി ഫ്ലാറ്റുകളിലെ താമസക്കാർക്ക് സുരക്ഷയൊരുക്കുന്നതിനായി പൊലീസിന്റെ സഹായത്തോടെ നഗരസഭയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുന്നത്. സി - ഡിറ്റും ഐ.ടി സ്ഥാപനമായ യു.എസ്.ടി ഗ്ലോബലും ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് സുരക്ഷാവലയം തീർക്കുന്നത്. ഫ്ലാറ്റുകളിൽ നിലവിലുള്ള സി.സി ടിവി കാമറകളെ സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വെയറിലൂടെ അപകടങ്ങളും മോഷണ സാദ്ധ്യതകളും മുൻകൂട്ടി അറിയാം. രാത്രികാലങ്ങളിൽ എത്തുന്ന അപരിചിതരെ ഉൾപ്പെടെ സോഫ്റ്റ്വെയർ തിരിച്ചറിയും. ഫ്ലാറ്റുകളുടെ കോമ്പൗണ്ടിനുള്ളിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങളെല്ലാം നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകും.
കാമറകൾ പ്രവർത്തനരഹിതമായാൽ ഉടൻ ബന്ധപ്പെട്ടവർക്ക് അറിയിപ്പും ലഭിക്കും. അസ്വാഭാവികമായുണ്ടാകുന്ന ഓരോ ചലനങ്ങളും വേർതിരിച്ചെടുക്കാനും ദൂരെ കാമറക്കണ്ണിൽ പെടുന്ന ഒരാളുടെ മുഖം പോലും കൃത്യമായി വേർതിരിച്ചെടുക്കാനുള്ള സംവിധാനവും സോഫ്റ്റ്വെയറിലുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് പൊലീസിനും ബന്ധപ്പെട്ട അധികൃതർക്കും കൈമാറുന്ന സോഫ്റ്റ്വെയറാണ് വികസിപ്പിച്ചിരിക്കുന്നത്.
പൊലീസിന്റെ കൺട്രോൾ റൂമുമായാണ് സോഫ്റ്റ്വെയർ ബന്ധിപ്പിക്കുന്നത്. ഇതോടെ ദൃശ്യങ്ങൾ പൊലീസിന് യഥാസമയം നിരീക്ഷിക്കാം. ആദ്യ ഘട്ടത്തിൽ ഐ.ടി നഗരമായ കഴക്കൂട്ടത്തെ ഫ്ലാറ്റുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനു മുന്നോടിയായി ഫ്ലാറ്റുകളുടെ ശില്പശാല സംഘടിപ്പിച്ചു. ആദ്യ ഘട്ടം വിജയിച്ചാൽ വരും ദിവസങ്ങളിൽ നഗരത്തിലെ എല്ലാ ഫ്ലാറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അടുത്തമാസത്തോടെ പദ്ധതിക്ക് തുടക്കമാകും.
സ്ത്രീകൾ ഉൾപ്പെടെ ജോലികഴിഞ്ഞ് അർദ്ധരാത്രികളിലാണ് ഫ്ലാറ്റുകളിലെത്തുന്നത്. ഭൂരിഭാഗം ഫ്ലാറ്റുകളിലും സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നഗരസഭ പൊലീസുമായി ചേർന്ന് പുതിയ സംവിധാനമൊരുക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റുകൾ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. രണ്ടാം ഘട്ടമായി നഗരത്തിലെ റസിഡന്റ്സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ചും പദ്ധതി നടപ്പാക്കും. സോഫ്റ്റ്വെയറിൽ ലഭ്യമാകുന്ന വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കിയിട്ടുണ്ടെന്ന് സി - ഡിറ്റ് അധികൃതർ വ്യക്തമാക്കി.
ഫ്ലാറ്റുകളും റസിഡന്റ്സ് അസോസിയേഷനുകളും പൂർണമായി സുരക്ഷിതമാക്കാൻ പദ്ധതിയിലൂടെ സാധിക്കും. സ്മാർട്ട് സിറ്റിയുടെ ഭാഗമായി ജനങ്ങൾക്ക് ലഭിക്കുന്ന മികച്ച സേവനങ്ങളിലൊന്നായിരിക്കും ഇത്. - വി.കെ. പ്രശാന്ത് (മേയർ)