തിരുവനന്തപുരം : അലയടിക്കുന്ന ചരിത്ര സ്മൃതികളുടെ തിരുശേഷിപ്പുകളിലൊന്നാണ് വലിയതുറയിലെ കടൽപ്പാലം. തിരുവിതാംകൂർ രാജഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഉരുക്ക് പാലത്തിന്റെ പിന്മുറക്കാരനായ സിമന്റ് പാലം തകർച്ചയുടെ വക്കിലായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല. കടലാക്രമണത്തിൽ തകർന്നുപോയ തീരവും പാലവുമായി ചേരുന്ന ഭാഗവും യോജിപ്പിക്കാനും അടുത്ത കാലവർഷത്തിന് മുൻപേ തന്നെ പാലത്തിന്റെ ബലപ്പെടുത്തൽ പൂർത്തിയാക്കാനുമുള്ള പദ്ധതിയാണ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നത്. പാറ കിട്ടാനില്ലെന്ന് പരിഭവം പറഞ്ഞ അധികൃതർ ഇപ്പോൾ കടൽക്ഷോഭം മാറിയിട്ട് നിർമ്മാണം പുനരാരംഭിക്കാം എന്ന നിലപാടിലാണ്. മേയ് പകുതിയാകുന്നതോടെ കാലവർഷം ആരംഭിക്കുകയും കടലാക്രമണം രൂക്ഷമാകുകയും ചെയ്യുമെന്നിരിക്കെ പാലം ബലപ്പെടുത്താനുള്ള നടപടികൾ തുടരുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി .
തീരത്തുനിന്നും കടലിലേക്ക് അഞ്ഞൂറ് മീറ്ററോളം ദൂരത്തിൽ നിർമ്മിച്ചിട്ടുള്ള കടൽപ്പാലം രണ്ടുവർഷം മുൻപ് ഒരു കോടിയോളം രൂപ മുടക്കി നവീകരിച്ചിരുന്നു. അതിനുശേഷമാണ് കടലാക്രമണത്തിൽ പാലവും തീരവുമായി ബന്ധിപ്പിക്കുന്ന ഭാഗം കടലെടുത്തത്. ഇതേത്തുടർന്ന് പാലം ബലപ്പെടുത്തുന്നതിനായി ഒന്നരക്കോടിയുടെ പദ്ധതിക്ക് ഹാർബർ എൻജിനിയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി. എന്നാൽ ഒരു വർഷം കാത്തിരുന്നാണ് പദ്ധതിക്ക് അംഗീകാരം കിട്ടിയത്. അതിന് ശേഷം പാറ എത്തിക്കാനായി ശ്രമം നടത്തിയെങ്കിലും ലഭ്യതക്കുറവ് വിനയായി. കടൽഭിത്തി പണിയാൻ കടലോരത്ത് ആഴത്തിൽ വാനം തോണ്ടി കുഴി എടുക്കുകയും അതിൽ നിറയെ പാറ നികത്തി ബലപ്പെടുത്തുകയും വേണം. കട്ടിയുള്ള ഇരുമ്പ് വലയ്ക്കുള്ളിലാണ് പാറ നിറയ്ക്കുന്നത്. അങ്ങോളമിങ്ങോളം ഒരേ നിരപ്പിൽ എത്തിച്ച ശേഷം ഇതിനു മുകളിലായി കൂറ്റൻ കോൺക്രീറ്റ് സ്ക്വയർ ബോക്സുകൾ സ്ഥാപിക്കണം. എന്നാൽ മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും നിർമാണം ഇനിയും തുടങ്ങിയിട്ടില്ല. നിർമ്മാണത്തിനാവശ്യമായ നാലായിരം ടൺ കരിങ്കല്ലിൽ പകുതിയിലധികവും എത്തിച്ചിട്ടുമുണ്ട്. ആവശ്യമുള്ള കോൺക്രീറ്റ് സ്ക്വയറുകൾ ഏകദേശം പണിതിട്ടുണ്ട്. എന്നാൽ പണി പൂർത്തിയാക്കുന്നതിൽ പുലർത്തുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
സംരക്ഷണ ഭിത്തിക്കൊപ്പം ഭൗമ പഠന കേന്ദ്രവും തകർന്നു
രൂക്ഷമായ കടലാക്രമണത്തിൽ കടൽപ്പാലത്തോടു ചേർന്നുള്ള സംരക്ഷണഭിത്തിയോടൊപ്പം ഇതിന് സമീപമുള്ള ദേശീയ ഭൗമ പഠനകേന്ദ്രത്തിന്റെ ഭാഗങ്ങളും തകർന്നുിട്ടുണ്ട്. മുപ്പതു വർഷം മുൻപു പണി കഴിപ്പിച്ച ഭൗമപഠനകേന്ദ്രത്തിന്റെ ടെക്നിക്കൽ വിഭാഗമാണു പൊളിഞ്ഞു വീണത്. അറുപതുവർഷം മുൻപു കരിങ്കല്ല് പാകി കോൺക്രീറ്റ് ചെയ്ത ഭിത്തിയാണു തകർന്നത്. തിര ശക്തമായി അടിച്ചുയരുമ്പോൾ അടിത്തട്ടിലെ മണ്ണൊലിച്ചു പോകുന്നതാണു കാരണം. ഭിത്തി തകർന്നതോടെ കടൽപ്പാലവും തീരവുമായുള്ള ബന്ധം മുറിഞ്ഞു പോകാവുന്ന അവസ്ഥയാണ്.
ഇവിടെ ചരിത്രം അലമാലയായി ഉയരുന്നു
രായിതുറ, രാജാത്തുറ എന്നപേരിൽ ആയിരത്തിലേറെ വർഷം മുൻപ് പണിതതാണ് 'വലിയതുറ"(Great Harbour) പാലം. തിരുവിതാംകൂറിന്റെ ഭരണകാലത്താണ് വലിയതുറ പാലം നിർമ്മിച്ചത്. 1825ലാണ് വലിയതുറയിൽ ഉരുക്കുപാലം പണിതത്. രാജാവിന്റെ ആവശ്യപ്രകാരം ബ്രിട്ടീഷുകാരാണ് കൂറ്റൻ ഉരുക്ക് ബീമുകൾ കടലിലേക്കിറക്കി പാലം പണിതത്. തിരുവിതാംകൂറിന്റെ കീഴിലുള്ള മറ്റു സ്ഥലങ്ങളിലേക്ക് വേണ്ടിവരുന്ന ചരക്കുകൾ കപ്പൽ മാർഗം കൊണ്ടുവരാനായിരുന്നു ഉരുക്കുപാലം പണിതത്. ഇവിടെനിന്നു കോവളം മുതൽ ആലപ്പുഴ വരെയുള്ള ഭാഗങ്ങളിലേക്ക് ചരക്കെത്തിക്കാൻ പാർവതി പുത്തനാറും അക്കാലത്ത് നിർമ്മിച്ചു. കപ്പലിൽ കൊണ്ടുവരുന്ന ചരക്കുകൾ കാളവണ്ടിയിൽ കയറ്റി വള്ളക്കടവിൽ എത്തിച്ച ശേഷം കെട്ടുവള്ളങ്ങിൽ കയറ്റി ആവശ്യമുള്ളിടത്ത് എത്തിക്കുന്നതായിരുന്നു രീതി.
പാലത്തിലൂടെ കടൽ കടന്നെത്തിയത് ....
മുംബയിൽ നിന്ന് ആദ്യമായി കെ.എസ്.ആർ.ടി.സി ബസിന്റെ ചെയ്സ് കൊണ്ടുവന്നത് വലിയതുറ തുറമുഖത്തായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ആദ്യമായി തോട്ടണ്ടി ഇറക്കുമതി ചെയ്തതും ഇവിടെയായിരുന്നു. 1974 വരെ സജീവമായിരുന്നു വലിയതുറ തുറമുഖം.
ഉരുക്ക് പാലം തകർന്നത് കപ്പലിടിച്ച്
ആഫ്രിക്കയിൽനിന്ന് ചരക്കുമായി വലിയതുറയിലെത്തിയ എസ്.എസ് പണ്ഡിറ്റ് എന്ന കപ്പൽ ഉരുക്കുപാലത്തിലിടിച്ചതോടെയാണ് പാലം തകർന്നത്. അതോടെ ചരിത്രത്തിന്റെ ഭാഗമായ ഉരുക്ക് പാലം കഥാവശേഷമായി. 1947 നവംബർ 23ന് ഞായറാഴ്ചയായിരുന്നു ദുരന്തം. പാലത്തിലുണ്ടായിരുന്ന നിരവധിപേർ കടലിൽ വീണ് മരിച്ചു. നാടാകെ ഇളകിമറിഞ്ഞു. നാട്ടുകാർ കപ്പലിനെ ബന്ദിയാക്കി. റോഡ് ഉപരോധവും സമരവുമായി ദിവസങ്ങൾ നീണ്ടു. ഒടുവിൽ പുതിയ പാലം നിർമ്മിക്കാൻ സർക്കാർ തയ്യാറായി. 1954ൽ സിമന്റ് പാലത്തിന്റെ നിർമ്മാണം തുടങ്ങി. 56ൽ പൂർത്തിയാക്കി. പിന്നീട് 1972 വരെ തിരുവനന്തപുരത്ത് ചരക്കിറക്കുന്ന പ്രധാന തുറമുഖമായിരുന്നു വലിയതുറ.