തിരുവനന്തപുരം: വോട്ട് തേടി നാടായ നാട് മുഴുവൻ സ്ഥാനാർത്ഥികൾ സഞ്ചരിക്കുമ്പോഴും ഭരണസിരാകേന്ദ്രത്തിന്റെ മതിൽക്കെട്ടിന് പുറത്ത് നീതിക്കായി സമരമിരിക്കുന്ന ഏതാനും ചില വോട്ടർമാരുണ്ട്. നീതിക്കുവേണ്ടിയുള്ള സമരത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നീതി ഇത് വരെ ലഭിച്ചിട്ടില്ലെന്നാണ് സമരക്കാരുടെ അനുഭവം.
പൊലീസ് പിടിച്ച് കൊണ്ട് പോയ മകളെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് 1902 ദിവസമായി സമരം നടത്തുന്ന ശകുന്തള, അനുജൻ ശ്രീജീവിന്റെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് 1226 ദിവസമായി സമരം നടത്തുന്ന ശ്രീജിത്ത്, കൃഷിക്കും താമസത്തിനുമായി ഒരു തുണ്ട് ഭൂമി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 6 വർഷമായി കൊല്ലം അരിപ്പയിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി 788 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന അരിപ്പ ഭൂസമര സമിതിക്കാർ എന്നിവരാണ് നിലവിൽ സെക്രട്ടേറിയറ്റിന് മുന്നിലെ സ്ഥിരം സമര സാന്നിദ്ധ്യം.
വേനൽ ചൂടിനൊപ്പം ഇലക്ഷൻ ചൂടും കടുത്തെങ്കിലും സമരക്കാരുടെ മനസിലെ പോരാട്ട വീര്യത്തിന് യാതൊരു കുറവുമില്ല. രാജ്യം ആര് ഭരിക്കണമെന്ന് വിധിയെഴുതാനുള്ള നിർണായക തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്ന സമരക്കാർക്ക് ആര് രാജ്യം ഭരിച്ചാലും തങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്ന് മാത്രമാണ് ആഗ്രഹം. വോട്ട് ചെയ്യുമെന്നും രാഷ്ട്രീയക്കാരുടെ ഗുണമോ ദോഷമോ നോക്കിയല്ല പാവങ്ങൾക്ക് സംരക്ഷണം നൽകുന്ന, കൈപിടിച്ച് ഉയർത്തുന്ന ആരോ അവർക്കാണ് വോട്ട് ചെയ്യുകയെന്നും ശകുന്തള പറയുന്നു. രാഷ്ട്രീയക്കാരോട് പ്രത്യേകിച്ച് വിരോധമോ പിണക്കമോ ഇല്ല. രാഷ്ട്രീയക്കാർ വഴികാട്ടികളും നേരായ വഴിയിൽ സഞ്ചരിക്കുന്നവരുമായിരിക്കണം എന്നാണ് ശകുന്തളയുടെ അഭിപ്രായം.
ജീവിക്കാനുള്ള അവകാശം നിഷേധിച്ചതിന്റെ പേരിലാണ് സമരം ചെയ്യുന്നത് പിന്നെന്തിന് വോട്ട് ചെയ്യണം എന്നാണ് ശ്രീജിത്തിന് ചോദിക്കാനുള്ളത്. തിരഞ്ഞെടുപ്പിന് മുൻപ് നീതി കിട്ടിയാൽ വോട്ട് ചെയ്യും. ഞാൻ ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ എങ്ങനെ വോട്ട് ചെയ്യുമെന്നാണ് അമ്മയും ചോദിക്കുന്നത്. തങ്ങളുടെ അടുത്തേക്ക് ഇത് വരെ വോട്ട് ചോദിച്ച് ആരും വന്നിട്ടില്ലെന്നും ശ്രീജിത്ത് പറയുന്നു. നീതിയും ഭൂമിയും ലഭിക്കുമെങ്കിൽ ഞങ്ങളും വോട്ട് ചെയ്യുമെന്നാണ് അരിപ്പ ഭൂസമര സമിതിക്കാർക്ക് പറയാനുള്ളത്. വോട്ട് തന്റെ മൗലികാവകാശമാണെന്നും നീതി നേടിത്തരുന്നവർക്ക് വോട്ട് ചെയ്യുമെന്നും ഇത് വരെ വോട്ട് മുടക്കിയിട്ടില്ലെന്നും സമരക്കാരിലൊരാളായ തങ്കമ്മ പറയുന്നു.
വോട്ടെടുപ്പിന് മുൻപ് സ്വന്തം സ്ഥലമായ അഴുത, കാളകെട്ടിയിലേക്ക് തിരിച്ച് പോകും, വോട്ട് നഷ്ടപ്പെടുത്തില്ല, പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരമുള്ളവർ രാജ്യം ഭരിക്കണമെന്നും നീതി നേടിത്തരുന്ന ഭരണാധികാരികൾ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്നും അരിപ്പ ഭൂസമര സമിതി പ്രവർത്തകരായ തങ്കമ്മയും ശാന്തമ്മയും പറയുന്നത് ഒരേ സ്വരത്തിൽ. ഇവരുടെ മനസിൽ ആരു രാജ്യം ഭരിക്കുമെന്നോ ആർക്ക് നേട്ടമുണ്ടാകുമോയെന്നുള്ള ചിന്തകൾക്ക് സ്ഥാനമില്ല, ഉറക്കത്തിലും അസ്വസ്ഥപ്പെടുത്തുന്ന ഒന്നേയുള്ളൂ... എന്നവസാനിക്കുമെന്ന് അറിയാത്ത സമരജീവിതം.