തിരുവനന്തപുരം: വീട്ടുജോലികൾക്കിടയിലും കെട്ടിയോനേം കുട്ട്യോളേം നോക്കുന്നതിനിടയിൽ സ്വന്തം ആഗ്രഹങ്ങൾക്ക് പിന്നാലെ പായാൻ എവിടെയാ സമയം? നാല്പത് വയസ് കഴിഞ്ഞ മിക്കവാറും വീട്ടമ്മമാരുടെ ആത്മഗതമാണിത്. സ്വന്തം ആഗ്രഹങ്ങളും ബലികഴിപ്പിച്ച് കുടുംബത്തിന് താങ്ങായി നിൽക്കുന്ന അത്തരം വീട്ടമ്മമാരുടെ കഴിവുകൾക്ക് ഒരു വിപണിയൊരുങ്ങുന്നു, പട്ടത്തെ ഇറാ ടവറിൽ. വീട്ടിലിരുന്ന് ഉണ്ടാക്കുന്ന അച്ചാറും സ്ക്വാഷും കരകൗശല വസ്തുക്കളും തുണിത്തരങ്ങളും പച്ചക്കറികളും അടക്കം നിങ്ങളുണ്ടാക്കുന്ന എന്ത് സാധനങ്ങളും വിൽക്കാൻ വിപണി തേടുന്ന വീട്ടമ്മമാർക്ക് മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചയും 'കൈപ്പുണ്യം' എന്ന പേരിൽ ഇറാ ടവറിൽ നടക്കുന്ന ഫെസ്റ്റിലേക്ക് സ്വാഗതം. അന്ന് നിങ്ങൾക്ക് ഇവിടെ ഒരു സ്റ്റാളിടാം, സാധനങ്ങൾ വിൽക്കാം. അതും സൗജന്യ നിരക്കിൽ.
കൈപ്പുണ്യത്തിന് പിന്നിലെ സംരംഭകരായ വീട്ടമ്മമാർ
സാധാരണക്കാരായ വീട്ടമ്മമാർക്ക് ഇത്തരമൊരു വേദിയൊരുക്കിയതിന് പിന്നിലും സുഹൃത്തുക്കളായ രണ്ട് വീട്ടമ്മമാരാണ്. സ്വയം സംരംഭകരായ ശാസ്തമംഗലം ശ്രീരംഗം നഗറിലെ ഇന്ദുജാ നായരും കാഞ്ഞിരംപാറ കൈരളി നഗറിൽ ഷാലിൻ ജോണും. സ്വന്തം വീടുകളിലെ അമ്മമാരാണ് ഇത്തരമൊരു പ്ലാറ്റ്ഫോം സാധാരണക്കാരായ സ്ത്രീകൾക്കായി ഒരുക്കാൻ പ്രചോദനമായതെന്ന് ഇവർ പറയുന്നു.
സ്വന്തം ആവശ്യങ്ങൾക്കായി തയ്യൽ അടക്കം ചെറുകിട കച്ചവടങ്ങളിലേക്ക് തിരിയുന്ന വീട്ടമ്മമാരെ വലയ്ക്കുന്ന പ്രധാന പ്രശ്നമാണ് വിപണിയില്ല എന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ ഇവരെ സഹായിക്കാൻ ചെറിയരീതിയിൽ ഒരു വിപണിയൊരുക്കുകയാണ് ഇന്ദുജയും ഷാലിനും ലക്ഷ്യം വയ്ക്കുന്നത്. പബ്ലിക് റിലേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഇന്ദുജ പത്ത് വർഷത്തിലേറെയായി കൺസൾട്ടന്റായി ജോലി നോക്കുകയാണ്. ഒപ്പം ഇറാ ഇന്ത്യ എന്ന സ്വന്തമായൊരു സ്ഥാപനവും നടത്തുന്നുണ്ട്. സ്ഥാപനത്തിലെ ഒരു നിലയാണ് 'കൈപ്പുണ്യ' ത്തിനായി രണ്ടാം ശനിയാഴ്ചകളിൽ ഒഴിഞ്ഞ് കൊടുക്കുന്നത്. എൻജിനിയറിംഗ് മേഖലയിൽ നിന്നാണ് ശാലിൻ എന്ന സംരംഭകയുടെ തുടക്കം. 15 വർഷത്തോളം എയറോനോട്ടിക്കൽ എൻജിനിയറിംഗ് മേഖലയിൽ പ്രവർത്തിച്ചശേഷം നിലവിൽ ക്രിയ എന്ന പേരിൽ സ്വയംസംരംഭം നടത്തുകയാണ്.
ആദ്യദിവസം വൻ വരവേല്പ്
ഈ മാസമാണ് ആദ്യമായി 'കൈപ്പുണ്യം" വിപണി ആരംഭിച്ചത്. ആദ്യ ദിവസം തന്നെ 24 വീട്ടമ്മമാർ തങ്ങളുടെ ചെറുകിട സംരംഭവുമായി വിപണിയിലെത്തി. അച്ചാർ, തുണിത്തരങ്ങൾ, കരകൗശലവസ്തുക്കൾ, കുഞ്ഞുടുപ്പുകൾ, സ്ക്വാഷുകൾ, പച്ചക്കറി തുടങ്ങി എന്തും ഇവിടെ വിൽക്കാം. തയ്യലും എംബ്രോയ്ഡറിയുമൊക്കെ പഠിപ്പിക്കാനും ഇവിടെ എത്താം. വരും ദിവസങ്ങളിൽ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് 'കൈപ്പുണ്യ"ത്തിന്റെ സംഘാടകർ പറയുന്നു.