waste

തലശ്ശേരി: സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സംരക്ഷണമുള്ള കോൺഗ്രസ് ദേശീയ നേതാവ് ഗുലാം നബി ആസാദ് തലശ്ശേരിയിൽ പ്രസംഗിക്കാനെത്തുന്നതിന് തൊട്ടുമുന്നെ പഴയ ബസ് സ്റ്റാൻഡിൽ നാടകീയ രംഗങ്ങൾ . ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തെ ആൽമരത്തിന് സമീപം കാണപ്പെട്ട മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് പ്രശ്നത്തിന്റെ ഉത്സവം.

മാലിന്യക്കൂമ്പാരത്തിൽ കാലത്ത് തന്നെ സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് അരിച്ചുപെറുക്കി തിരഞ്ഞെങ്കിലും തൃപ്തിവന്നിരുന്നില്ല. തുടർന്നാണ് സുരക്ഷാ ശങ്കയുടെ പേരിൽ ബോംബ് സ്‌ക്വാഡിന്റെയും പ്രത്യേക സുരക്ഷാ സേനയുടെയും കർശന നിലപാട് ഉണ്ടായത്. സുരക്ഷാ ഭീഷണിയുള്ള ദേശീയ നേതാവിനെ പ്രസംഗവേദിയിലിറക്കണമെങ്കിൽ മാലിന്യ കൂമ്പാരം നീക്കിയേ പറ്റുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദേശം. സംഗതി പന്തിയല്ലെന്ന് കണ്ടതോടെ സ്ഥലത്തുണ്ടായ തലശ്ശേരിയിലെ കോൺഗ്രസ് നേതാക്കൾ നഗരസഭയിൽ നിന്നും മാലിന്യവണ്ടി വിളിച്ചു വരുത്തി. മുണ്ട് മടക്കിക്കുത്തി ഇവർ ക്ഷണനേരത്തിനകം മാലിന്യം വാരി വണ്ടിയിൽ നിറച്ച് സ്ഥലം ക്ലീനാക്കി.തൊട്ടുപിന്നാലെ ഗുലാം നബി ആസാദ് പ്രസംഗവേദിയിലെത്തുകയും ചെയ്തു.