തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് പിന്തുണ നൽകിയതിന് നടൻ ബിജു മേനോനോനും നടി പ്രിയ വാര്യർക്കുമെതിരെ കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ബുധനാഴ്ച തൃശൂരിൽ സൗഹൃദ വേദി സംഘടിപ്പിച്ച 'സുരേഷ് ഗോപിയോടൊപ്പം' എന്ന പരിപാടിയിൽ ബിജു മേനോനും പ്രിയാവാര്യരും പങ്കെടുത്തതിന് പിന്നാലെയാണ് സൈബർ ആക്രമണം ശക്തമായത്. സുരേഷ് ഗോപിയെ പിന്തുണച്ചതിനാൽ ഇനി ബിജു മേനോൻ ചിത്രങ്ങൾ കാണില്ലെന്നാണ് ചിലരുടെ കമന്റ്. മലയാളികളുടെ മതേതരമനസുകളിൽ ബിജു മേനോന് ഒരു സ്ഥാനമുണ്ടെന്നും ഇത്തരക്കാരുടെ വക്കാലത്ത് പിടിച്ചു ആ സ്ഥാനം കളയരുതെന്നും മറ്റു ചിലർ പ്രതികരിച്ചു. എന്നാൽ ബിജു മേനോനെ അനുകൂലിക്കുന്നവരും കുറവല്ല.
എന്നാൽ ഇപ്പോഴിതാ ബിജു മേനോനെതിരെ ഉയർന്ന വിമർശനങ്ങൾ ചുട്ടമറുപടിയുമായി നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ് രംഗത്തെത്തിയിരിക്കുന്നു. 'ഇങ്ങനെ ഒരേപോലത്തെ കമെന്റുകൾ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെല്ലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ!' ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു,
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ബിജു മേനോനും നടി പ്രിയ വാര്യരും പൊതുവേദിയിൽ എത്തിയത്. തൃശൂർ ലുലു ഇൻർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയിൽ ഇവരെക്കൂടാതെ ടി.എൻ.സുന്ദർ മേനോൻ, ജി.സുരേഷ്‌കുമാർ, സെവൻ ആർട്സ് വിജയകുമാർ, സന്തോഷ് എന്നിവരും പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്‌നേഹിയെ താൻ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു.