തിരുവനന്തപുരം: കേരളത്തിലെ ഇരുപത് ലോക്സഭ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് ചൂട് ശക്തമായതോടെ കേരളത്തിൽ ശബരിമല വിഷയവും ചർച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി പ്രചാരണത്തിനായി ദക്ഷിണേന്ത്യയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല വിഷയം ശക്തമായി ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശബരിമല വിഷയം തിരഞ്ഞെടുപ്പിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവും എം.പിയുമായ വി മുരളീധരൻ.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോട് ഞങ്ങൾ യോജിക്കുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു. നിലവിലത്തെ സുപ്രീം കോടതി വിധി തെറ്റാണ്.വിധി തെറ്റാണെന്ന് പറയാൻ ഈ നാട്ടിലെ പൗരൻമാർക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനാ ബാദ്ധ്യത ഞങ്ങൾക്കുണ്ടെന്നാണ് കേരള സർക്കാർ വിധി വന്നശേഷം പറഞ്ഞത്. സർക്കാരിന്റെ വാദത്തെ താൻ അംഗീകരിക്കുന്നു. ആരാധനാ സ്വാതന്ത്ര്യം ചെയ്ത് കൊടുക്കണമെന്നാണ് കോടതി വിധി. ആരാധനാസ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ ആരെയെങ്കിലും ഒളിച്ചു കടത്തലല്ല. ഇതാണ് ഞാൻ പറഞ്ഞത്. ഒരാൾ ശബരിമല അയ്യപ്പനെ കാണാൻ സ്വയം ചെല്ലുമ്പോൾ അയാളെ തടയാതിരിക്കാനുള്ള നടപടി സർക്കാർ എടുക്കണം. പെരിന്തൽമണ്ണ മുതൽ ശബരിമല വരെ ഒരാളെ പോലീസിന്റെ വണ്ടിയിലും ഫോറസ്റ്റിന്റെ വണ്ടിയിലും കൊണ്ടു പോകണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.