remya-haridas

മലപ്പുറം: ആലത്തൂർ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ പൊതുവേദിയിൽ ആക്ഷേപിച്ച പരാതിയിൽ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനെതിരെ കേസ് എടുക്കേണ്ടെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. വിജയരാഘവൻ കേസെടുക്കത്തക്ക കുറ്റം ചെയ്തിട്ടില്ലെന്ന നിയമോപദേശമാണ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മലപ്പുറം എസ്.പി തൃശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകി. രമ്യഹരിദാസ് നേരിട്ടും, രമേശ് ചെന്നിത്തലയും,​ പൊന്നാനിയിലെ യൂത്ത് കോൺഗ്രസ് നേതാവ് എന്നിവർ പരാതി നൽകിയിട്ടും കേസെടുക്കാത്തത് അംഗീകരിക്കാനാവില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യു.‌ഡി.എഫ് നേതാക്കൾ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ പരസ്യമായി ആക്ഷേപിച്ച എ.വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയെ സമീപിച്ചിരുന്നു. വിജയരാഘവന്റെ മോശം പരാമർശത്തിനെതിരെ പരാതി നൽകിയിട്ടും മൊഴിയെടുത്തതല്ലാതെ പൊലീസ് തുടർനടപടിയെടുത്തില്ലെന്ന് ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. പൊലീസ് തനിക്ക് നീതി നിഷേധിച്ചെന്നും ഹർജിയിൽ പറയുന്നു.

തെറ്റായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസെടുക്കേണ്ടെന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും എം.കെ രാഘവനെ വേട്ടയാടി അദ്ദേഹത്തെ ആക്ഷേപിക്കുകയാണെന്നും ചെന്നിത്തല പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് എം.കെ രാഘവനെ വേട്ടയാടുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നടപടി അംഗീകരിക്കില്ല. രമ്യക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.