child

കൊച്ചി : പ്രാർത്ഥനകൾ വിഫലമാക്കി ആ മൂന്ന് വയസുകാരൻ മടങ്ങി, കളമശ്ശേരിയിൽ മാതാവിന്റെ ക്രൂര മർദ്ദനമേറ്റ് ആശുപത്രി ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ പീഡനത്തിനിരയായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ കുട്ടിയാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. കളമശ്ശേരിയിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മകനാണ് മരണപ്പെട്ടത്.

തലയോട്ടിയിൽ മാരക പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ കഴിഞ്ഞ കുരുന്ന് ഇന്നലെ രാവിലെ 9.05നാണ് മരിച്ചത്. തലയിലേറ്റ മാരകമായ മുറിവും തലച്ചോറിനുണ്ടായ ക്ഷതവുമാണ് മരണകാരണമെന്ന് ചികിത്സിച്ച ഡോ. വിപിൻ ജോസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ റിമാൻഡിലാണ്. ഭർത്താവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ മരണത്തിന് ശേഷം ഏറ്റെടുക്കാൻ ആരുമില്ലാതെ കുഞ്ഞിന്റെ ചേതനയറ്റ ശരീരം എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം നാട്ടിലേക്ക് കൊണ്ട്‌പോകാൻ ആരുമില്ലാത്ത കുഞ്ഞിനെ ഖബറടക്കാൻ തയ്യാറായി കാത്തിരിക്കുകയാണ് ഏലൂർ പാലയ്ക്കാമുകൾ ജുമാമസ്ജിദിലെ സുമനസുകൾ. ഏലൂരിലെ കൗൺസിലർ നസീറ റസാക്കിന്റെ നേതൃത്വത്തിൽ നാട്ടുകാർ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും സഹായവുമായി എത്തിയിരുന്നു.

അമ്മയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ വീണതാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. എന്നാൽ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.