supreme-court

ന്യൂഡൽഹി: സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരം സുപ്രീം കോടതിയിൽ അടിയന്ത സിറ്റിംഗ് ചേരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീംകോടതി മുൻ ജീവനക്കാരിയുടെ ലൈംഗിക ആരോപണമുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് മുൻ ജീവനക്കാരി സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാർക്കും വെള്ളിയാഴ്ച കത്തയച്ചു എന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ചാണ് അടിയന്തര സിറ്റിംഗ് എന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, ലൈംഗിക ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രംഗത്തെത്തി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തന്നെ പണം കൊണ്ട് സ്വാധീനിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് ലൈംഗിക ആരോപണം ഉയർന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കറകളഞ്ഞ ജഡ്ജിയായി തുടരുന്നത് വെല്ലുവിളയാണെന്നും ഇതിനെ തുടർന്ന് രാജിവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുതാല്പപര്യമുള്ള വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് എന്നാണ് കോടതി അറിയിപ്പ് നൽകിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് 10.30ന് സിറ്റിംഗ് നടത്തുമെന്നാണ് റിപ്പോർട്ട്. കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കുമെന്നാണ് അറിയിപ്പ്. ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ് സിറ്റിംഗ്. എന്നാൽ വിഷയത്തെ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. അസാധാരണമായ സാഹചര്യമാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.