supreme-court

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വസതിയിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സുപ്രീം കോടതി മുൻ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത്തയുടെ ആവശ്യപ്രകാരം സുപ്രീം കോടതി മൂന്നംഗ ബെഞ്ച് അടിയന്തര സിറ്റിംഗ് ചേർന്നു. ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് മുൻ ജീവനക്കാരി സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാർക്കും വെള്ളിയാഴ്ച കത്തയച്ചിരുന്നു. എന്നാൽ പരാതി വ്യാജമാണെന്നും ഇന്ത്യൻ ജുഡീഷ്യറിക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും വിലയിരുത്തിയ കോടതി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാദ്ധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു.

അതേസമയം, തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രംഗത്തെത്തി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തന്നെ പണം കൊണ്ട് സ്വാധീനിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് ലൈംഗിക ആരോപണം ഉയർന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കറകളഞ്ഞ ജഡ്ജിയായി തുടരുന്നത് വെല്ലുവിളിയാണെന്നും പരാതി ഉയർന്നതിനെ തുടർന്ന് രാജിവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ന്യായാധിപ ജീവിതത്തിനിടയ്‌ക്ക് ഇത്തരം ഒരു ആരോപണം ഇതുവരെ ഉയർന്നിട്ടില്ല. ഇതുവരെയുള്ള തന്റെ ബാങ്ക് ബാലൻസ് ആറ് ലക്ഷം രൂപ മാത്രമാണ്. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ഇത്തരമൊരാൾ എങ്ങനെയാണ് സുപ്രീം കോടതിയിൽ ജീവനക്കാരിയായതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുതാല്പപര്യമുള്ള വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് എന്നാണ് ഇന്ന് രാവിലെ കോടതി അറിയിപ്പ് നൽകിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് 10.30ന് സിറ്റിംഗ് നടത്തുമെന്നായിരുന്നു അറിയിപ്പ്. കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കുമെന്നായിരുന്നു നോട്ടീസ്.