rahul-gandhi

ന്യൂഡൽഹി: ഹരിയാനയിലും ഡൽഹിയിലും വീണ്ടും പ്രതിപക്ഷ സഖ്യത്തിന് സാധ്യത തെളിയുന്നു. ഹരിയാനയിൽ കോൺഗ്രസ് മുന്നോട്ടു വച്ച സീറ്റ് വിഭജന ഫോർമുല സ്വീകരിച്ചതായി ആം ആദ്മി പാർട്ടി അറിയിച്ചു. ഹരിയാനയിൽ 7:2:1 എന്ന അനുപാതത്തിൽ സീറ്റുകൾ വിഭജിക്കാനുള്ള കോൺഗ്രസിന്റെ വാഗ്ദാനം സ്വീകരിച്ചതായി എ.എ.പി ഡൽഹി കൺവീനർ ഗോപാൽ റായി വ്യക്തമാക്കി.

ഡൽഹിയിലെ സീറ്റുകളുടെ കാര്യത്തിൽക്കൂടി തീരുമാനമായാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരു കക്ഷികളും തമ്മിലുള്ള സഖ്യം യാഥാർഥ്യമാകും. എന്നാൽ കോൺഗ്രസുമായി ഒരുതരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്ന നിലപാടിലാണ് ജെ.ജെ.പി. ഹരിയാനയിൽ ജെ.ജെ.പിയുടെ നിലപാട് ആം ആദ്മിക്ക് തലവേദനയായിരിക്കുകയാണ്.

ആദ്യ ഘട്ടത്തിൽ ഡൽഹിയിൽ മൂന്നു സീറ്റ് വീതമാണ് കോൺഗ്രസും എ.എ.പിയും മത്സരിക്കുക. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി എന്നിങ്ങനെയായിരുന്നു കോൺഗ്രസ് മുന്നോട്ട് വച്ച ഫോർമുല. എന്നാൽ എ.എ.പി ഈ നിലപാട് അംഗീകരിച്ചില്ല. പകരം അഞ്ച് സീറ്റിൽ എ.എ.പിയും രണ്ട് സീറ്റിൽ കോൺഗ്രസും എന്ന വാഗ്ദാനം മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. തുടർ ചർച്ചകൾക്കൊടുവിൽ ഇത് 4:3 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.

സീറ്റുകളുടെ കാര്യത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ചകൾ നടന്നതായും കോൺഗ്രസിന്റെ നിർദേശം തങ്ങൾ അംഗീകരിച്ചതായും അറിയിച്ചിട്ടുണ്ടെന്നും ഗോപാൽ റായി പറഞ്ഞു. ഡൽഹി കാര്യത്തിലും കോൺഗ്രസിന്റെ പ്രതികരണം കാത്തിരിക്കുകയാണ്. അതിനായി ഡൽഹിയിലെ ഏഴിൽ മൂന്ന് മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.