election

തിരുവനന്തപുരം : വരുന്ന ചൊവ്വാഴ്ച കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുകയാണ്. വിശ്വാസവും ആചാര സംരക്ഷണവും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് രാഷ്ട്രീയ നയം വ്യക്തമാക്കിയിരിക്കുകയാണ് പന്തളം കൊട്ടാരം. ശബരിമല സമരത്തിലുൾപ്പെടെ പന്തളം കൊട്ടാരത്തിന്റെ നിലപാടുകൾക്ക് വിശ്വാസ സമൂഹം വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്.

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന പി.എൻ.പി എന്ന പാർട്ടിയുടെ സ്ഥാനാത്ഥിയായ കേരള വർമ്മ പന്തളം കൊട്ടാരത്തിലെ അംഗമാണെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ലെന്നും, ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന സമര,പ്രതിഷേധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും പന്തളത്തുകൊട്ടാരം നിർവ്വാഹകസംഘത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

തിരഞ്ഞെടുപ്പിൽ പന്തളത്തു കൊട്ടാരം നിർവ്വാഹക സംഘം വിശ്വാസങ്ങൾ സംരക്ഷിക്കാനായി ത്യാഗം സഹിച്ചവരെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അയ്യപ്പ ഭക്തരെ ദ്രോഹിച്ച് വിശ്വാസങ്ങളെ ചവിട്ടിമെതിച്ച സംസ്ഥാന സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ പിണിയാളായി പ്രവർത്തിച്ച് ആചാര സംരക്ഷണ പ്രവർത്തനങ്ങളെ പിന്നിൽ നിന്നും കുത്തുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വിശ്വാസി സമൂഹം അതിനെ ശക്തമായി എതിർക്കണമെന്നും കൊട്ടാരം വിശ്വാസികൾക്കൊപ്പം എന്നുമുണ്ടാവുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. ആചാര സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും പന്തളം കൊട്ടാരം അഭ്യർത്ഥിക്കുന്നുണ്ട്.

panthalam
PANTHALAM