ranjan-gogoi

ന്യൂഡൽഹി: തനിക്കെതിര ഉയർന്ന ലൈംഗിക ആരോപണത്തിന് പിന്നിൽ വൻ ഗൂഢാലോചനയാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു. ഒരു ജൂനിയർ ജീവനക്കാരി വിചാരിച്ചാൽ ഇത്ര വലിയ ഗൂഢാലോചന നടക്കില്ല, പിന്നിൽ വൻ സംഘമെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്ക് എനിക്ക് ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ആരോപണത്തിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മറുപടി നൽകിയത്.

ദ് വയർ, ലീഫ് ലെറ്റ്, കാരവൻ, സ്ക്രോൾ എന്നീ ഓൺലൈൻ മാദ്ധ്യമങ്ങളിൽ നിന്ന് തനിക്ക് കത്തുകൾ ലഭിച്ചു. തനിക്കെതിരെ ലൈംഗികപീഡനപരാതി ഉയർന്നെന്നാണ് ആ കത്തുകളിൽ ഉണ്ടായിരുന്നത്. കോടതി ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കത്തുകളിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ അതിന് തന്റെ സെക്രട്ടറി മറുപടി നൽകിയെന്നുമാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

ഇപ്പോൾ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പോലും വെല്ലുവിളിക്കും വിധം വലിയ ഗൂഢാലോചനയാണ്. കോടതിയിലെ ഒരു ജൂനിയർ അസിസ്റ്റന്റിന്റെ മാത്രം ഇടപെടലായി ഇതിനെ കാണാൻ കഴിയില്ല. ഈ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഇതിന്റെ പേരിൽ രാജിവയ്ക്കില്ല. ഒരു തരത്തിലുള്ള ഭീഷണിയ്ക്കും വഴങ്ങില്ല- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതേസമയം,​ വിഷയത്തിൽ ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് കോടതിയിലുണ്ടായിരുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അറ്റോർണി ജനറൽ എ.കെ വേണുഗോപാലും രംഗത്തെത്തി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീംകോടതി മുൻ ജീവനക്കാരിയുടെ ലൈംഗിക ആരോപണമുള്ളതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവന്നത്. ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് മുൻ ജീവനക്കാരി സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാർക്കും വെള്ളിയാഴ്ച കത്തയച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. 35 വയസുള്ള ഒരു യുവതിയാണ് ആരോപണമുന്നയിച്ചത്. ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.