ന്യൂഡൽഹി: മലഗോവ് സ്ഫോടനകേസിലെ പ്രതി പ്രജ്ഞ സിംഗ് ഠാക്കൂറിനെ ഭോപ്പാലിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി നിർദേശിച്ചത് ഹിന്ദുത്വത്തെ തീവ്രവാദമെന്ന് പറയുന്നവർക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പന്നമായ ഹിന്ദു സംസ്കാരത്തെ തെറ്റായി മുദ്രകുത്തിയവർക്കെല്ലാം മറുപടി നൽകുമെന്ന് മോദി പറഞ്ഞു.
സംഝോത എക്സ്പ്രസ് സ്ഫോടനവും ജഡ്ജി ബി.എച്ച് ലോയയുടെ മരണവും തെറ്റായ വിവരണങ്ങളാക്കി സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അതാണ് അവരുടെ പ്രവർത്തന രീതിയെന്നും അദ്ദേഹം പറഞ്ഞു. റായ്ബേലിയിലും അമേതിയിലും മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ജാമ്യത്തിലാണ് എന്ത് കൊണ്ടാണ് ഇവർക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കാത്തത്, ബി.ജെ.പി ഒരു സ്ഥാനാർത്ഥിയെ നിർത്തിയ ഉടൻ അതിനെ ചോദ്യം ചെയ്യുന്നതെന്തിനാണെന്നും മോദി ചോദിച്ചു.
സംഝോത എക്സ്പ്രസിന്റെ വിധി എന്തായിരുന്നു? ഒരു തെളിവുകളുമില്ലാതെ ലോകം ഒന്നാണെന്ന മഹത്തായ സന്ദേശം നൽകുന്ന 5000ൽ പരം വർഷത്തെ പഴക്കമുള്ള ഹിന്ദുസംസ്കാരത്തെ കുറ്റപ്പെടുത്തരുത്. പ്രയാഗ് സിംഗിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് മാൽഗോവ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിംഗ് ഠാക്കൂർ ബി.ജെ.പിയിൽ ചേർന്നതും കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ്‌വിജയ് സിംഗിനെതിരെ മത്സരിപ്പിക്കാനും തീരുമാനിച്ചത്.