iron-rod

ഭോപ്പാൽ: തലയിൽ ശക്തമായി ഒന്ന് അടിച്ചാൽ ബോധം പോകുന്നവരാണ് മനുഷ്യർ. അങ്ങനെയുള്ള മനുഷ്യരുടെ തലയിലൂടെ ഒരു കമ്പി തുളച്ചുകയറിയാലോ?​ പിന്നീട് സംഭവിക്കുന്ന കാര്യം പറയേണ്ട. എന്നാൽ തലയിലൂടെ കമ്പി തുളച്ച് ഇപ്പുറത്ത് വന്നിട്ടുംബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയിൽ എത്തിയ ഒരു യുവാവിനെ കണ്ടിട്ടുണ്ടോ?​ അങ്ങനെ ഒരു യുവാവിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് മദ്ധ്യപ്രദേശിലെ ആശുപത്രി അധികൃതർ. കിണർ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ സഞ്ജയ് എന്ന യുവാവിന്റെ തലയിൽ കമ്പി തുളച്ചു കയറുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴും സഞ്ജയ്‌യുടെ ബോധം നശിച്ചിരുന്നില്ല.

മദ്ധ്യപ്രദേശിലെ ബാൽഗട്ടിലാണ് മെഡിക്കൽ സയൻസിന് പോലും അത്ഭുതമായ സംഭവം നടന്നത്. വൃത്തിയാക്കാൻ ഇറങ്ങിയ കിണറ്റിൽ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ യുവാവ് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. മുപ്പത്തിയഞ്ച് അടി താഴ്ചയിലേക്ക് വീണ സഞ്ജയുടെ വലത് നെറ്റിയിലൂടെ നീണ്ട കമ്പി കുത്തിക്കയറി. തുളഞ്ഞുകയറിയ കമ്പി ഇടത്തേ നെറ്റിയുടെ വശത്ത് കൂടി പുറത്തേക്കെത്തിയെന്നാണ് സുഹൃത്തുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞത്.

നാഗ്പൂരിലെ ആശുപത്രിയിൽ സഞ്ജയ് ഇപ്പോൾ ചികിത്സയിലാണ്. തലയ്ക്കകത്തെ സുപ്രധാന രക്തക്കുഴലുകളിൽ ഒന്നിലും തട്ടാതെയാണ് കമ്പി തുളച്ചു കയറിയത്. യുവാവിന്റെ ബോധം നശിക്കാതിരുന്നതും ജീവൻ തലനാരിഴയ്ക്ക് രക്ഷപെട്ടതും ഇതുകൊണ്ടാണെന്ന്‌ ഡോക്‌ടർമാർ പറഞ്ഞു. ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കമ്പി പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക്‌ശേഷം സഞ്ജയ് സുഖം പ്രാപിച്ച് വരുന്നു. അതേസമയം,​ അപകടത്തിന്റെ ആഘാതം ഇതുവരെ വിട്ടുമാറിയിട്ടില്ല.